
മോസ്കൊ: ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ഈമാസം ഒന്നുമുതൽ 23 വരെയുള്ള കണക്കുപ്രകാരം 13.17% ഇടിഞ്ഞു. ജനുവരിയിലെ സമാനകാലത്തെ പ്രതിദിനം 16.7 ലക്ഷം ബാരൽ എന്ന നിലയിൽ നിന്ന് 14.5 ലക്ഷം ബാരലായാണ് ഇടിഞ്ഞതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വിതരണത്തിനുമേൽ യുഎസിലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറക്കുമതി ഇടിഞ്ഞത്.
റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പണമിടപാടുകൾ, വിതരണശൃംഖല എന്നിവയെ ഉപരോധം ബാധിക്കുമെന്നതിനാൽ ഇന്ത്യൻ കമ്പനികൾ ഓർഡറുകൾ കുറയ്ക്കുകയായിരുന്നു. റഷ്യൻ എണ്ണ ഉൽപാദക കമ്പനികൾ, ടാങ്കറുകൾ എന്നിവയ്ക്കുമേലാണ് യുഎസ് ഉപരോധം.
റഷ്യൻ എണ്ണയോടുള്ള താൽപര്യം കുറച്ച ഇന്ത്യ, ഈ കുറവ് നികത്താൻ ഗൾഫ് എണ്ണയാണ് കൂടുതലായി വാങ്ങിയത്. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 7.20 ലക്ഷം ബാരലിൽ നിന്ന് 10% മെച്ചപ്പെട്ട് 7.90 ലക്ഷം ബാരൽ വീതമായി.
ഇറാക്കും ഇന്ത്യയിലേക്ക് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തി. അതേസമയം, യുഎസിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 2.93 ലക്ഷം ബാരൽ ആയിരുന്നത് 1.77 ലക്ഷം ബാരൽ വീതമായി കുറഞ്ഞു.
ഇപ്പോഴും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 30 ശതമാനത്തിലേറെ വിഹിതവുമായി റഷ്യ തന്നെയാണ് ഒന്നാമത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു.
യുദ്ധത്തെ തുടർന്ന് റഷ്യക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തുകയും റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാഷ്ട്രങ്ങൾ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതോടെയാണ്, ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടിയതും റഷ്യ ഒന്നാംസ്ഥാനം നേടിയതും.
ബാരലിന് വിപണിവിലയേക്കാൾ വൻതോതിൽ ഡിസ്കൗണ്ട് നൽകിയാണ് ഇന്ത്യൻ കമ്പനികളെ റഷ്യ ആകർഷിച്ചത്. റഷ്യൻ എണ്ണ വാങ്ങരുതെന്ന് അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും സമ്മർദം ചെലുത്തിയെങ്കിലും ഡിസ്കൗണ്ട് മുതലെടുത്ത് ഇന്ത്യ വൻതോതിൽ വാങ്ങിക്കൂട്ടുകയായിരുന്നു.
ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ മുഖ്യപങ്കും ഉപയോഗിക്കുന്നതും ക്രൂഡ് ഓയിൽ വാങ്ങാനാണ്.
റഷ്യൻ എണ്ണയ്ക്ക് ഡിസ്കൗണ്ട് ലഭിച്ചതോടെ, ഇറക്കുമതിച്ചെലവും ആനുപാതികമായി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കുറയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.