മോസ്കൊ: റഷ്യയുടെ ഇന്ധന വരുമാനത്തിൽ വൻ വർധന. ഇക്കഴിഞ്ഞ മെയ് മാസത്തിൽ, തൊട്ടു മുമ്പത്തെ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50% ഉയർച്ചയാണുണ്ടായതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ക്രൂഡിന് വില വർധിപ്പിച്ചതിലൂടെയാണ് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചത്.
കണക്കുകൾ പ്രകാരം, റഷ്യയുടെ മെയിലെ ഇന്ധന അനുബന്ധ നികുതി വരുമാം 632.5 ബില്യൺ റൂബിളുകളാണ് (7.1 ബില്യൺ ഡോളർ). ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയിൽ നിന്നുള്ള രാജ്യത്തിന്റെ ആകെ വരുമാനം 39% വർധിച്ച് 793.7 ബില്യൺ റൂബിളുകളായി മാറി.
കഴിഞ്ഞ മാസം ഒരു ബാരലിന് 74.98 ഡോളർ എന്ന നിരക്കിലാണ് റഷ്യയ്ക്ക് വരുമാനമുണ്ടായിരിക്കുന്നത്. തൊട്ടു മുമ്പത്തെ വർഷം ഇത് 58.63 ഡോളറായിരുന്നു. ആഗോള തലത്തിൽ ഇന്ധനവില 60 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു നിന്നപ്പോഴായിരുന്നു ഈ വരുമാനം.
ജി 7 രാജ്യങ്ങൾ പ്രൈസ് ക്യാപ് ഏർപ്പെടുത്തിയ സാഹചര്യമായിരുന്നു അന്നത്തേത്.
യു.എസും, പടിഞ്ഞാറൻ സഖ്യകക്ഷികളും വെസ്റ്റേൺ ഷിപ്പിങ്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി, പെട്രോഡോളറിന്റെ ഇൻഫ്ലോ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതേ സമയം ആഗോള വിപണിയിൽ റഷ്യൻ ഇന്ധനം വ്യാപാരം ചെയ്യപ്പെടുന്നതിന് വലിയ എതിർപ്പ് പ്രകടിപ്പിക്കുന്നുമില്ല. റഷ്യൻ ക്രൂഡിന് വിലക്ക് നീണ്ടു പോയ സാഹചര്യത്തിൽ ഷാഡോ ടാങ്കറുകൾ വഴി ഏഷ്യൻ രാജ്യങ്ങളിലേക്ക് വൻ തോതിലാണ് റഷ്യ ഇന്ധന കയറ്റുമതി നടത്തിയിരുന്നത്.
അതേ സമയം, കഴിഞ്ഞ മെയിൽ റഷ്യയുടെ ഓയിൽ & ഗ്യാസ് ബജറ്റ് വരുമാനം യഥാർത്ഥത്തിൽ 35% താഴ്ന്നിട്ടുമുണ്ട്. ഒരു വർഷത്തിൽ, മാർച്ച്, ഏപ്രിൽ, ജൂലൈ, ഒക്ടോബർ എന്നിങ്ങനെ നാല് തവണകളായിട്ടാണ് ഇന്ധനവില്പനയിലെ ലാഭത്തിന്റെ ഒരു ഭാഗം നികുതിയായി ഈടാക്കുന്നത്.
ഇക്കാരണത്താലാണ് മെയിലെ വരുമാനം താഴ്ന്നു നിൽക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം, സർക്കാർ എണ്ണക്കമ്പനികൾക്ക് 202 ബില്യൺ റൂബിളുകൾ നൽകിയിരുന്നു.
റഷ്യയിലെയും, വിദേശ രാജ്യങ്ങളിലെയും ഇന്ധനവിലയെ വ്യത്യാസം ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഈ തുക നൽകിയതിലൂടെയും സർക്കാരിന്റെ ആകെ വരുമാനം കഴിഞ്ഞ മാസം കുറഞ്ഞിട്ടുണ്ട്.
ഈ വർഷം താരതമ്യേന കുറഞ്ഞ നിരക്കിലായിരിക്കും റഷ്യൻ ഇന്ധനം വ്യാപാരം ചെയ്യപ്പെടുക എന്നാണ് കണക്കാക്കപ്പെടുന്നത്.