
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു.
ക്രൂഡ് വിൽപന വഴി റഷ്യ നേരിടുന്ന വരുമാനം കുറയ്ക്കാനായി ജനുവരി രണ്ടാംവാരമാണ് കൂടുതൽ ഉപരോധം പ്രഖ്യാപിച്ചത്.
ഡിസംബറിൽ പ്രതിദിനം 1.48 മില്യൻ ബാരൽ വീതം റഷ്യൻ എണ്ണ വാങ്ങിയ ഇന്ത്യ, ജനുവരിയിൽ അത് 13% ഉയർത്തി പ്രതിദിനം 1.67 മില്യൻ ബാരലാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 40 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണ് ഇപ്പോഴും റഷ്യ. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് മുമ്പ്, വെറും 0.2 ശതമാനമായിരുന്നു വിഹിതം.
അതേസമയം, യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നിലപാടിലേക്ക് ഇന്ത്യ മാറിയിട്ടുണ്ട്. റഷ്യൻ എണ്ണ ടാങ്കറുകൾക്കുമേലും ഉപരോധമുണ്ടെന്നത് പുതിയ കരാറുകളിൽ ഏർപ്പെടുന്നതിന് തടസ്സമാണ്.
ഇതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ വരുംമാസങ്ങളിൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചേക്കും. ടാങ്കർക്ഷാമം ക്രൂഡ് വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം.
ചരക്കുനീക്ക ഫീസ് വർധിക്കാനും സാധ്യതയുള്ളതാണ് ഇന്ത്യൻ കമ്പനികളുടെ ഈ നിലപാടിന് കാരണം.
റഷ്യൻ എണ്ണയ്ക്ക് പൊതു വിപണിയിലെ ക്രൂഡ് വിലയേക്കാൾ മികച്ച ഡിസ്കൗണ്ട് ഇന്ത്യക്ക് കിട്ടുന്നുണ്ട്. എന്നാലും, യുഎസ് ഉപരോധം മൂലം പണമിടപാടുകൾ, ഇൻഷുറൻസ്, ടാങ്കർ ലഭ്യത എന്നിവയ്ക്ക് തടസ്സമുണ്ടാകുമെന്ന ആശങ്കയും കമ്പനികളുടെ ഈ നിലപാടിന് പിന്നിലുണ്ട്.
സൗദി അറേബ്യ, യുഎസ്, കുവൈറ്റ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ജനുവരിയിൽ സൗദിയിൽ നിന്നുള്ള ഇറക്കുമതി 12% ഉയർന്നിരുന്നു. യുഎസിൽ നിന്നുള്ളത് കൂടിയത് 322 ശതമാനം.
ഇറാക്കിൽ നിന്നുള്ള ഇറക്കുമതി 8% കുറയുകയും ചെയ്തു.