ഡൽഹി: ഡിസംബറോടെ രാജ്യത്ത് മെമ്മറി ചിപ്പ് അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യത്തെ കമ്പനിയായി തങ്ങൾ മാറുമെന്നും, അതിലൂടെ പ്രാദേശികമായി നിർമ്മിച്ച ചിപ്പുകൾ കമ്പനി വിൽക്കാൻ തുടങ്ങുമെന്നും ഇലക്‌ട്രോണിക്‌സ് സ്ഥാപനമായ സഹസ്ര സെമികണ്ടക്‌ടേഴ്‌സ് പറഞ്ഞു. രാജസ്ഥാനിലെ ഭിവാദിയിൽ മെമ്മറി ചിപ്പ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി മൊത്തം 750 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി സഹസ്ര സെമികണ്ടക്‌ടേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അമൃത് മൻവാനി പിടിഐയോട് പറഞ്ഞു.
രാജസ്ഥാനിലെ ഭിവാദിയിലുള്ള മാനുഫാക്‌ചറിംഗ് ക്ലസ്റ്ററിൽ എടിഎംപി സൗകര്യം സ്ഥാപിക്കുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ കമ്പനി 150 കോടി രൂപ നിക്ഷേപിക്കുമെന്നും, ഈ വർഷം അവസാനത്തോടെ ഇത് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത് മൻവാനി പറഞ്ഞു. വിപണി സ്ഥാപിതമായിക്കഴിഞ്ഞാൽ യൂണിറ്റിനായി തങ്ങൾ വീണ്ടും 600 കോടി നിക്ഷേപിക്കുമെന്നും, ഇതോടെ മൊത്ത നിക്ഷേപം 750 കോടി രൂപയാകുമെന്നും മൻവാനി കൂട്ടിച്ചേർത്തു. കമ്പനിയുടെ വാണിജ്യ ഉൽപ്പാദനത്തിന്റെ ആദ്യ സാമ്പത്തിക വർഷം ഏകദേശം 50 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായും 2025 ഓടെ ഇത് 500 കോടി രൂപയായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ അർദ്ധചാലക പാക്കേജിംഗിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിലും ക്ലീൻ റൂം സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിലും കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അർദ്ധചാലകങ്ങളുടെ മൊത്തം ആവശ്യം ഏകദേശം 10,000 കോടി രൂപയാണെന്നും, 2025-26 ഓടെ 5-7 ശതമാനം വിപണി വിഹിതം നേടാനാകുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും മൻവാനി പറഞ്ഞു.