മുംബൈ: ഒരു കൂട്ടം യൂറോപ്യൻ നിക്ഷേപകരിൽ നിന്ന് 310 കോടി രൂപയുടെ വളർച്ചാ മൂലധനം സമാഹരിച്ച് കർഷകരുടെ നേതൃത്വത്തിലുള്ള കമ്പനിയായ സഹ്യാദ്രി ഫാംസ് പോസ്റ്റ് ഹാർവെസ്റ്റ് കെയർ. ഈ റൗണ്ട് ഫണ്ടിംഗിൽ യൂറോപ്യൻ നിക്ഷേപകരായ ഇൻകോഫിൻ, കോറിസ്, എഫ്എംഒ, പ്രൊപാർകോ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ കർഷകരുടെ നേതൃത്വത്തിലുള്ള ഒരു കമ്പനിക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്ട്ര ഓഹരി നിക്ഷേപമാണിത്. സഹ്യാദ്രി ഈ മൂലധനം അതിന്റെ പഴം, പച്ചക്കറി സംസ്കരണ ശേഷി വിപുലീകരിക്കാനും കാർഷിക, ഭക്ഷ്യ അവശിഷ്ടങ്ങളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഒരു പാക്ക്ഹൗസ് ബയോമാസ് പ്ലാന്റും സ്ഥാപിക്കാനും ഉപയോഗിക്കും.
ഈ ഇടപാടിന് സഹ്യാദ്രി ഫാംസിന്റെ പ്രത്യേക സ്ട്രാറ്റജിക് അഡ്വൈസറായി അൽപെൻ ക്യാപിറ്റൽ പ്രവർത്തിച്ചു. കർഷകരെ സംരംഭകരായി ചിന്തിപ്പിക്കാനും സുസ്ഥിരവും വിപുലീകരിക്കാവുന്നതും ലാഭകരവുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സഹ്യാദ്രി ഫാംസ് മാനേജിങ് ഡയറക്ടറായ വിലാസ് ഷിൻഡെ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ വരുമാനം ഇരട്ടിയിലധികം വർധിപ്പിച്ച് 786 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 15.50 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. സഹ്യാദ്രി അതിന്റെ 60 ശതമാനം ഉൽപ്പന്നങ്ങളും 42 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
സഹ്യാദ്രി ഫാംസ് എന്നത് 100% കർഷകരുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ കമ്പനിയാണ്. സഹ്യാദ്രി ഫാംസ് പോസ്റ്റ് ഹാർവെസ്റ്റിൽ എല്ലാ പഴം, പച്ചക്കറി സംസ്കരണ ബിസിനസ്സും ഉൾപ്പെടുന്നു.