കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ബൈജൂസിൽ ജീവനക്കാർക്കുള്ള ശമ്പളം വീണ്ടും മുടങ്ങി; ജീവനക്കാർക്ക് കത്തയച്ച് ബൈജു രവീന്ദ്രൻ

മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസിൽ ജീവനക്കാർക്കുള്ള ജൂലൈയിലെ ശമ്പള വിതരണം മുടങ്ങി. സുപ്രീം കോടതി വിധിയെ തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ ബൈജൂസിന് സാധിക്കാത്തതാണ് കാരണം.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായുള്ള 158 കോടി രൂപയുടെ സ്പോൺസർഷിപ്പ് കുടിശികക്കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് ബൈജൂസിനെതിരായ പാപ്പരത്ത (ഇൻസോൾവൻസി) നടപടി നാഷണൽ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) റദ്ദാക്കിയിരുന്നു. കുടിശിക വീട്ടിയതോടെ ബൈജൂസിന് മേലുള്ള നിയന്ത്രണം മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന് തിരിച്ചു കിട്ടുകയും ചെയ്തിരുന്നു.

എന്നാൽ‌, ബൈജൂസിന് 10,000 കോടിയോളം രൂപ വായ്പ നൽകിയിട്ടുള്ള അമേരിക്കൻ ധനകാര്യസ്ഥാപനങ്ങൾ ഇതിനിടെ എൻസിഎൽഎടി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.

എൻസിഎൽഎടിയുടെ വിധി സുപ്രീം കോടതി താൽകാലികമായി സ്റ്റേ ചെയ്തതോടെ തിങ്ക് ആൻഡ് ലേണിന് വീണ്ടും ബൈജൂസിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാകുകയും ശമ്പള വിതരണം മുടങ്ങുകയുമായിരുന്നു.

യുഎസിൽ നിന്നുള്ള വായ്പ വകമാറ്റിയാണ് ബൈജൂസ് ബിസിസിഐയുമായുള്ള കേസ് ഒത്തുതീർത്തതെന്നാണ് വായ്പാദാതാക്കളുടെ വാദം.

നിലവിലെ കേസുകളാണ് ശമ്പള വിതരണത്തെ ബാധിക്കുന്നതെന്ന് കാട്ടി സിഇഒ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് കത്ത് അയച്ചു. വിദേശ വായ്പാദാതാക്കൾ കോടതിയെ സമീപിച്ചതിനാൽ ബൈജൂസിൽ കൂടുതൽ മൂലധന നിക്ഷേപം നടത്താനോ വേതനം വിതരണം ചെയ്യാനോ പ്രൊമോട്ടർമാർക്ക് പറ്റുന്നില്ലെന്ന് ബൈജു കത്തിൽ പറഞ്ഞു.

അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയാൽ കടമെടുത്തായാലും ശമ്പളം നൽകും. വെറും വാക്കല്ല, അത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയ്ക്കുള്ള കുടിശിക വീട്ടിയത് തന്റെ സഹോദരനും ബൈജൂസ് ഡയറക്ടറുമായ റിജു രവീന്ദ്രൻ സ്വന്തം നിലയ്ക്ക് കണ്ടെത്തിയ പണമുപയോഗിച്ചാണ്. 2015 മെയ്ക്കും 2022 ജനുവരിക്കും ഇടയിൽ ബൈജൂസിലെ നിശ്ചിത ഓഹരികൾ വിറ്റാണ് റിജു പണം സമാഹരിച്ചത്.

ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബൈജു പറഞ്ഞു. 7,500 കോടി രൂപ ഇതിനകം താനടക്കമുള്ള പ്രൊമോട്ടർമാർ ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്. 3,796 കോടി രൂപയും ചെലവിട്ടത് കഴിഞ്ഞ രണ്ടുവർഷത്തെ ശമ്പള വിതരണത്തിനാണ്.

തനിക്കോ സഹോദരനോ എതിരെ വിദേശനാണ്യ വിനിമയചട്ടം (ഫെമ) ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നില്ലെന്ന് ബൈജു കത്തിൽ വ്യക്തമാക്കി.

താനോ സഹോദരനോ സാമ്പത്തിക കുറ്റവാളികളല്ല. 2023 മാർച്ചുമുതൽ ഇതിനകം 10 തവണ താൻ ഇന്ത്യയിലെത്തി. മൊത്തം 77 ദിവസം ഇന്ത്യയിൽ കഴിഞ്ഞു. റിജു അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നെന്നും ബൈജു പറഞ്ഞു.

വെല്ലുവിളികൾക്കിടയിലും 15 കോടിയോളം വിദ്യാർഥികളുമായി ലോകത്തെ ഏറ്റവും വലിയ എഡ്യു-ടെക് പ്ലാറ്റ്ഫോമാണ് ഇപ്പോഴും ബൈജൂസ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഉപയോക്താക്കൾ ഇരട്ടിയായി.

നിർമിത ബുദ്ധി (എഐ) ഉൾപ്പെടെ പ്രയോജനപ്പെടുത്തി ബൈജൂസിനെ പുതിയ രൂപത്തിൽ (ബൈജൂസ് 3.0) അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാപ്പരത്ത നടപടിയും അതിന്റെ ഭാഗമായുള്ള കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ രൂപീകരണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബൈജൂസ് സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. പാപ്പരത്ത നടപടിയുടെ ഭാഗമായി നിയമിച്ച റെസൊല്യൂഷൻ പ്രൊഫഷണലിനാണ് ഇപ്പോൾ ബൈജൂസിന്റെ നിയന്ത്രണം.

വൈകാതെ കമ്മിറ്റി ഓഫ് ക്രെഡിറ്റേസ് രൂപീകരിച്ച് നിയന്ത്രണം കൈമാറും, ഈ കമ്മിറ്റിയാണ് ബൈജൂസിന്റെ ആസ്തികൾ വിറ്റഴിക്കുന്നതടക്കമുള്ള മാർഗങ്ങൾ പരിഗണിച്ച് പ്രശ്നപരിഹാരം തേടുക.

വിദേശ വായ്പാദാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. കേസ് ഓഗസ്റ്റ് 22ന് വീണ്ടും പരിഗണിക്കുന്നതിനാൽ ബൈജൂസിന് ഇടക്കാല ആശ്വാസം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അമേരിക്കൻ ഹെജ് ഫണ്ട് മാനേജരായ വില്യം മോർട്ടൺ മുഖേന ബൈജൂസ് 533 മില്യൺ ഡോളർ (ഏകദേശം 4,500 കോടി രൂപ) വിദേശത്തേക്ക് കടത്തിയെന്നും ഈ പണം തിരികെപ്പിടിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വായ്പാദാതാക്കൾ യുഎസിലെ ഡെലാവെയറിലുള്ള കോടതിയെ സമീപിച്ചിരുന്നു.

X
Top