മുംബൈ: 82 കോടി സമാഹരിക്കാൻ സലാസർ ടെക്‌നോ എൻജിനീയറിങ്ങിന് ബോർഡിൻറെ അനുമതി ലഭിച്ചു. യോഗ്യതയുള്ള സ്ഥാപനപരമായ ബയർമാർക്ക് ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 82 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിനാണ് ബോർഡ് അംഗീകാരം നൽകിയതെന്ന് സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് അറിയിച്ചു.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ കമ്പനിയുടെ ബോർഡിന്റെ ധനസമാഹരണ സമിതി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഒപ്പം ഇക്വിറ്റി ഷെയറൊന്നിന് 27.30 രൂപ ഇഷ്യു വിലയിൽ യോഗ്യരായ സ്ഥാപന ബയർമാർക്ക് 3,00,00,000 ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിനും അനുവദിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.
ഈ അനുമതി പ്രകാരം 3 കോടി ഓഹരികളിൽ ഫോർബ്‌സ് ഇഎംഎഫിന് 45 ശതമാനവും നോമുറ സിംഗപ്പൂരിന് 42 ശതമാനവും മെയ്ബാങ്ക് സെക്യൂരിറ്റീസ് പിടിഇ ലിമിറ്റഡിന് 8 ശതമാനവും എ ജി ഡൈനാമിക് ഫണ്ടസിന് 5 ശതമാനവും ഓഹരികൾ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.
ടെലികോം കമ്പനികൾക്കായി എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, സംഭരണം, ഫാബ്രിക്കേഷൻ, ഗാൽവാനൈസേഷൻ ജോലികൾ എന്നി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള സലാസർ ടെക്‌നോ എഞ്ചിനീയറിംഗ്.