കൊച്ചി: വേനൽമഴ കാലവർഷമായി മാറി ശക്തിപ്രാപിച്ചതോടെ മഴക്കോട്ട് വിപണിയിലും തിരക്കേറി. കേരളത്തിൽ മഴ സീസണിൽ മാത്രം 250 കോടി രൂപയുടെ വില്പന നടക്കുന്നുണ്ടെന്നാണ് കണക്ക്.
മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ വിവിധ നിറങ്ങളിൽ താരതമ്യേന കുറഞ്ഞവിലയിലുള്ള മഴക്കോട്ടുകളാണ് ഇപ്പോൾ വിപണിയിൽ താരം. 100 രൂപ മുതലാണ് ഇതിന്റെ വില. എന്നാൽ, ഇവയുടെ കട്ടികൂടുന്നതിനനുസരിച്ച് വിലയും ഉയരും.
വിലക്കുറവിൽ ലഭിക്കുന്നതിനാലാണ് ഇത്തരം മഴക്കോട്ടിന് പ്രിയമേറിയത്. സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പരമാവധി ഒരുമാസത്തേക്കുള്ള ഉപയോഗം എന്ന നിലയിലാണ് ഇത് കൂടുതൽ പേരും വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല, പോക്കറ്റിൽപ്പോലും വയ്ക്കാനും പറ്റും.
കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള മഴക്കോട്ടുകൾ വിപണിയിൽ ലഭ്യമാണ്. മിക്ക കമ്പനികളും ഇത്തവണ കുട്ടികളുടെ വിഭാഗത്തിൽ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ശരാശരി 300 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ, കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മഴക്കോട്ടിന് വില ഏറും.
മുതിർന്നവർക്ക് 500 രൂപ മുതൽ കോട്ട് ലഭ്യമാണ്. നൈലോൺ, അല്ലെങ്കിൽ പോളിസ്റ്റർ പോലുള്ള ഉയർന്നനിലവാരമുള്ള വാട്ടർപ്രൂഫ് മെറ്റീരിയലുകളിൽ നിർമിച്ചവയ്ക്ക് നിരക്കേറും. ഏതാണ്ട് 3,000 രൂപ വരെയുള്ള മഴക്കോട്ടുകൾ വില്പനയ്ക്കായി എത്തിയിട്ടുണ്ട്.
രാത്രിയാത്രകൾക്കായി ഫലപ്രദമായ റിഫ്ളക്ടറുകളുള്ള മഴക്കോട്ടുകൾ തിരഞ്ഞെടുത്തു വാങ്ങുന്നവരുമുണ്ട്. വിവിധ കമ്പനികൾ സമ്മാനങ്ങളായി മഴക്കോട്ടുകൾ നൽകുന്നുണ്ട്.
ഇത്തരത്തിൽ 1,000 മഴക്കോട്ടുകൾ വാങ്ങുന്ന കമ്പനികൾ കേരളത്തിലുണ്ട്.