മുംബൈ: റെയിൽവേ പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാർ ചുമതലയേറ്റു. റെയിൽടെല്ലിലെ പ്രോജക്ട്, ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്/ പിഒഎം എന്നിവയിലെ ഡയറക്ടറുടെ ചുമതലകൾ അദ്ദേഹം നേരത്തെ വഹിച്ചിരുന്നു.
ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് സിഗ്നൽ എഞ്ചിനീയർസിന്റെ (IRSSE) ഉദ്യോഗസ്ഥനായ കുമാറിന് റെയിൽവേ പ്രവർത്തനം, പ്രോജക്ട് മാനേജ്മെന്റ്, മാർക്കറ്റിംഗ് എന്നിവയിൽ ഏകദേശം 30 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. കൂടാതെ അദ്ദേഹം അലഹബാദ് സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദവും ഗുഡ്ഗാവിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
ഒരു ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി (ICT) ദാതാവാണ് മിനി രത്‌ന (കാറ്റഗറി-I) കേന്ദ്ര പൊതുമേഖലാ സംരംഭമായ റെയിൽടെൽ. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരിൽ ഒന്നാണിത്. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 72.84% ഓഹരി ഉണ്ട്.