മുംബൈ: ബോംബെ ഡൈയിംഗ് ആന്‍ഡ് മാനുഫാക്ച്വറിംഗ് കമ്പനി പ്രമോട്ടര്‍മാരായ നുസ്ലി വാഡിയ, മക്കളായ നെസ് വാഡിയ, ജഹാംഗീര്‍ വാഡിയ എന്നിവരെ സെക്യൂരിറ്റി വിപണിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിധി സെക്യൂരിറ്റീസ് ആന്‍ഡ് അപ്പലേറ്റ് െ്രെടബ്യൂണല്‍ (എസ്എടി) സ്റ്റേ ചെയ്തു. സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും ബോംബെ ഡൈയിംഗ് കമ്പനിയേയും പ്രമോട്ടര്‍മാരെയും സെബി രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കിയിരുന്നു.
സാമ്പത്തിക റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിന്റെ പേരിലായിരുന്നു നടപടി. വഞ്ചനയില്‍ ഏര്‍പ്പെട്ടതിന് 15.75 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. വിധിയ്‌ക്കെതിരെ വാഡിയ എസ്എടി സമീപിച്ചു.
വാഡിയ ഗ്രൂപ്പ് കമ്പനിയായ സ്‌കാല്‍ സര്‍വീസസ് ലിമിറ്റഡ്, അന്നത്തെ ഡയറക്ടര്‍മാര്‍ – ഡി എസ് ഗഗ്രത്, എന്‍ എച്ച് ഡാറ്റന്‍വാല ശൈലേഷ് കാര്‍ണിക്, ആര്‍ ചന്ദ്രശേഖരന്‍ – ബോംബെ ഡൈയിംഗ് ജോയിന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന ദുര്‍ഗേഷ് മേത്ത എന്നിവരാണ് സെബി നടപടി നേരിട്ട മറ്റുള്ളവര്‍. സംശയാസ്പദമായ കണക്കുകള്‍ ഓഡിറ്റ് കമ്മിറ്റി അവലോകനം ചെയ്യുകയും നിയമാനുസൃത ഓഡിറ്റര്‍മാര്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതാണെന്ന് ബോംബെ ഡൈയിംഗ് വക്താവ് പറയുന്നു.
മാത്രമല്ല ഒരു പതിറ്റാണ്ട് മുന്‍പത്തെ കണക്കുകളാണ് ഇത്. ഇടപാടുകളെല്ലാം പൂര്‍ണ്ണമായും നിയമാനുസൃതമാണെന്നും കമ്പനി അവകാശപ്പെട്ടു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നിയമപരമായ അവകാശം വിനിയോഗിക്കുമെന്നും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും ബോംബെ ഡൈയിംഗ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.