
ന്യൂഡല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജിയില്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) ഉത്തരവ് പിന്നീട്. ഹര്‍ജിയില്‍ ഉത്തരവ് എസ്എടി മാറ്റിവയ്ക്കുകയായിരുന്നു. ഫണ്ട് നടത്തിയെന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് സീ അഭിഭാഷകര്‍ വാദിച്ചു.
ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സീ അഭിഭാഷകരുടെ ആവശ്യം. സെബി ആരോപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സീ എന്റര്‍ടെയ്ന്‍മെന്റുമായി ബിസിനസ് ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം, സീയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ചന്ദ്രയും ഗോയങ്കയും പൊതു ഫണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തിരിച്ചുവിട്ടതായി സെബി എസ്എടിയെ ബോധിപ്പിച്ചു.
ചന്ദ്രയും ഗോയങ്കയും ഫണ്ട് വകമാറ്റിയതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പറയുന്നു. ലിസ്റ്റുചെയ്ത ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജര്‍ പദവി വഹിക്കുന്നതില്‍ നിന്നും ഇരുവരേയും സെബി തടഞ്ഞിട്ടുണ്ട്.
‘സീ ലിമിറ്റഡിന്റെയും എസ്സെല്‍ ഗ്രൂപ്പിന്റെയും മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളുടെയും ആസ്തികള്‍, അസോസിയേറ്റ് സ്ഥാപനങ്ങളുടെ നേട്ടത്തിനായി വകമാറ്റി. അതിനായി സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തു. ചിലഘട്ടങ്ങളില്‍ 13 ഓളം സ്ഥാപനങ്ങളെ പാസ് ത്രൂ എന്റിറ്റികളായി ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി. അതിനാല്‍ ഫണ്ട് വകമാറ്റല്‍ ആസൂത്രിതമാണ്,” സെബി ഉത്തരവില്‍ പറഞ്ഞു.
മോശം ഭരണ സമ്പ്രദായങ്ങള്‍ തടയാന്‍ സീ ലിമിറ്റഡ് പ്രക്രിയകളോ ഘടനകളോ സ്വീകരിക്കുന്നില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി.ലാഭത്തിലാണെങ്കിലും കമ്പനി ഓഹരി വില 2019 ലെ 600 രൂപയില്‍ നിന്നും 2023 ല്‍ 200 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ കാലയളവില്‍ പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം 3.99 ശതമാനമായി ഇടിഞ്ഞു.