ന്യൂയോര്‍ക്ക്: ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എഐ) മുന്നേറ്റങ്ങളില്‍ അസന്തുഷ്ടനാണ് ടെസ്ല,ട്വിറ്റര്‍ ഉടമയായ എലോണ്‍ മസ്‌ക്ക്. ലാഭേച്ഛയില്ലാതെ പ്രവര്‍ക്കുന്ന കമ്പനി എന്ന നിലയില്‍ നിന്നും ലാഭം ലക്ഷ്യം വയ്ക്കുന്ന ഒന്നായി ഓപ്പണ്‍ എഐ മാറിയെന്ന് അദ്ദേഹം പരിതപിക്കുന്നു. മാത്രമല്ല ഓപ്പണ്‍ എഐയുടെ നിയന്ത്രണം മൈക്രോസോഫ്റ്റിനാണ്.
ബില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് ഓപ്പണ്‍ എഐയില്‍ സ്വാധീനമില്ല. അതേസമയം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇക്കാര്യം നിഷേധിച്ചു.
മസ്‌ക്കിന്റെ വാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്ന് അദ്ദേഹം പറയുന്നു. വളരെ ശക്തമായ സാങ്കേതിക വിദ്യയെ പിന്തുടരുക എന്ന അടിസ്ഥാനപരമായ ദൗത്യമാണ് ഓപ്പണ്‍ എഐ ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും ലാഭേച്ഛയില്ലാതെ ഓപ്പണ്‍ എഐയുമായി സഹകരിക്കുന്നു.
ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ താന്‍ കാരണമാണ് നിലനില്‍ക്കുന്നതെന്ന് അതേസമയം സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക്ക് പറഞ്ഞു. കമ്പനിയുടെ രൂപീകരണ വര്‍ഷത്തില്‍ ഏകദേശം 50 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അവകാശവാദം. കമ്പനി കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താനാണ് ,’ഓപ്പണ്‍ എഐ’ എന്ന പേര് നിര്‍ദ്ദേശിച്ചത്.
മൈക്രോസോഫ്റ്റ്-മസ്‌ക്ക് തര്‍ക്കം
മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മസ്‌ക്ക് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്വിറ്റര്‍ ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ചാറ്റ് ജിപിടി പോലുള്ള ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഓപ്പണ് എഐ ട്വിറ്റര്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് വാദം.
ഓപ്പണ് എഐയുടെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.
ഓപ്പണ്‍ എഐയ്‌ക്കെതിരെ
താന്‍ സഹസ്ഥാപകനായ ഓപ്പണ്‍ എഐയ്‌ക്കെതിരെ മസ്‌ക്ക് രംഗത്തെത്തുന്നത് ഇതാദ്യമല്ല. എഐ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതു കത്തില്‍ അദ്ദേഹം ഒപ്പുവച്ചു. മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഓപ്പണ്‍ എഐ ഏര്‍പ്പെടുന്നതായി മസ്‌ക്ക് പറയുന്നു.
ഓപ്പണ്‍ എഐയോട് മത്സരിക്കാന്‍ എക്‌സ്എഐ എന്ന സ്ഥാപനവും മസ്‌ക്ക് ആരംഭിച്ചിട്ടുണ്ട്. ട്രൂത്ത് ജിപിടി എന്ന ജനറേറ്റീവ് എഐ ആണ് എക്‌സഎഐ പുറത്തിറക്കുന്നത്. ട്രൂത്ത് ജിപിടി, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രപഞ്ച സത്യങ്ങള്‍ അന്വേഷിക്കുന്ന പ്രോഗ്രാമാണ്.
നിര്‍മ്മിതബുദ്ധിയുടെ കാലത്ത് സുരക്ഷയിലേയ്ക്കുള്ള മികച്ച മാര്‍ഗ്ഗം. പ്രപഞ്ചത്തെ മനസ്സിലാക്കുന്ന നിര്‍മ്മിത ബുദ്ധി മനുഷ്യനെ നശിപ്പിക്കില്ല.കാരണം മനുഷ്യന്‍ പ്രപഞ്ചത്തിന്റെ രസകരമായ ഒരു ഭാഗമാണ്, ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക്ക് അറിയിച്ചു.
ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനാണ് മസ്‌ക്ക്. 2015 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 2018 ല്‍ ടെസ്ല സ്ഥാപകന്‍ ഓപ്പണ്‍ എഐയില്‍ നിന്നും പിന്മാറി.