ബ്രസീലിന്റെയും, യുഎസിന്റെയും എണ്ണ ഉല്‍പ്പാദന നയങ്ങളിലെ മാറ്റങ്ങള്‍ എന്നും ഒപെക്ക് പ്ലസിന് വലിയ സമ്മര്‍ദമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഒപെക്കിനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി കൂട്ടായ്മയിലെ പ്രധാനിയായ സൗദിയുടെ നയങ്ങളാണെന്നു വിദഗ്ധര്‍ വിശ്വസിക്കുന്നു.
സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേതൃത്വം നല്‍കുന്ന വിഷന്‍ 2030 എന്ന പരിവര്‍ത്തന സാമ്പത്തിക തന്ത്രമാണ് എണ്ണ കൂട്ടായ്മയ്ക്ക് ഇരുതലമൂര്‍ച്ഛയുള്ള വാളായി മാറുന്നത്.
രാജകുമാരന്റെ തന്ത്രം ഒപെക്കിന്റെ അതിലോലമായ സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു. എണ്ണയിലെ രാജ്യത്തിന്റെ ആശ്രയത്വം കുറയ്ക്കാനും വരുമാന പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കാരിക്കാനുമുള്ള സൗദിയുടെ തന്ത്രങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിവര്‍ത്തനങ്ങള്‍ വിലയേറിയതാണ്. നിയോണ്‍ പോലുള്ള ആഡംബര പദ്ധതികള്‍ സ്വീകരിച്ച് എണ്ണയില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനാണ് സൗദിയുടെ ശ്രമം.
എണ്ണ കൂട്ടായ്മയിലെ പ്രധാന തന്നെ എണ്ണയ്ക്കു എതിരെ തിരിയുന്നുവെന്നു വേണമെങ്കില്‍ പറയാവുന്നതാണ്. സൗദിയുടെ സമ്പദ്വ്യവസ്ഥ എണ്ണ ഇതര പദ്ധതികള്‍ക്കായി ട്രില്യണ്‍ കണക്കിന് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു.
വിഷന്‍ 2030 പ്രഖ്യാപിച്ചതു മുതല്‍ സൗദി അറേബ്യ ഗണ്യമായ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എണ്ണവില 2022 ലെ ഏറ്റവും ഉയര്‍ന്ന നിലയിലില്ലാത്തതിനാല്‍, പെട്രോഡോളറിലുള്ള രാജ്യത്തിന്റെ ആശ്രയം കൂടുതല്‍ അപകടകരമാണ്.
സൗദി അറേബ്യയുടെ ഫിസ്‌കല്‍ ബ്രേക്ക്ഇവന്‍ ഓയില്‍ വില ബാരലിന് 100 ഡോളറിനടുത്താണെന്ന് നിലവില്‍ ഐഎംഎഫ് കണക്കാക്കുന്നു. നിലവിലെ എണ്ണവില ഇതിലും ഏറെ താഴെയാണ്.
ഇതു രാജ്യത്തിന്റെ വലിയ തോതിലുള്ള വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ധനസഹായം സങ്കീര്‍ണമാക്കുന്നു. എണ്ണയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരുന്നതാണ് സൗദിയെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ക്രൂഡ് വില ഉയര്‍ത്താന്‍ രാജ്യം ശ്രമിക്കുന്നുവെങ്കിലും പ്രതീക്ഷിക്കുന്ന തലങ്ങളിലേയ്ക്ക് ഉയരുന്നില്ല.
ഒപെക് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തി സൗദി ആണ്. പലപ്പോഴും സൗദിയുടെ നയങ്ങളാണ് ഒപെക്കിന്റെ തീരുമാനങ്ങള്‍ ആകുന്നത്. റഷ്യയെ അടക്കം ഉള്‍പ്പെടുത്തി ഒപെക്ക് പ്ലസ് സൃഷ്ടിച്ചപ്പോഴും സൗദി അതിന്റെ ലീഡര്‍ സ്ഥാനം തുടര്‍ന്നു.
ഒപെക്കിനുള്ളിലെ ഒരു സ്റ്റെബിലൈസര്‍ എന്ന നിലയില്‍ സൗദി അറേബ്യയുടെ പങ്ക് വലുതാണ്. ലീഡര്‍ എന്ന നിലയില്‍ പലപ്പോഴും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സൗദി കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നു. പലപ്പോഴും ഇത് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കലിന്റെ രൂപത്തിലാണ്.
ഒപെക് പ്ലസ് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയതോടെ സൗദിയുടെ കയറ്റുമതി വരുമാനം ഗണ്യമായി കുറഞ്ഞു. ഇതും അവരുടെ നടപടികളെയും, നയങ്ങളെയും ബാധിച്ചിട്ടുണ്ട്.
രാജ്യം എണ്ണവില നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, അത് സാധ്യതയുള്ള വരുമാനത്തെ ത്യജിക്കുകയും, ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുകയും, പൊതു ധനകാര്യത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു എന്നാണ്.
ആ നിലയ്ക്ക് സൗദിയുടെ നയമാറ്റം ഒപെക്കിനും, ഒപെക്ക് പ്ലസിനും വലിയ വെല്ലുവിളിയാണ്.