ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്നും നാളെയും കൊച്ചിയിൽഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനംഇൻവെസ്റ്റ് കേരള: ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺനവകേരളം; വ്യവസായ കേരളംയുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപിയില്‍ ഇടിവുണ്ടാക്കുമെന്ന് എസ്ബിഐ

എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു

വന, റീട്ടെയ്ൽ വായ്പകൾ എടുത്തവർ‍ക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു.

വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.

ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, മറ്റ് റീട്ടെയ്ൽ വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവ എടുത്തവർക്കും പുതുതായി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും പലിശയിൽ മികച്ച കുറവ് ലഭിക്കും. ഇഎംഐ ഭാരവും കുറയും.

റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റീപ്പോനിരക്ക് കാൽശതമാനം (0.25%) കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

ഇബിഎൽആറിലും ആർഎൽഎൽആറിലും 0.25% ഇളവുതന്നെ എസ്ബിഐയും വരുത്തി. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായിരുന്ന 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേക്കായിരുന്നു എംപിസി കുറച്ചത്.

നേരത്തേ 9.15 ശതമാനം നിരക്കും ഒപ്പം ക്രെഡിറ്റ് റിസ്ക് പ്രീമിയവും (CRP) ബിസിനസ് സെക്യൂരിറ്റി പ്രീമിയവും (BSP) ചേരുന്ന നിരക്കാണ് (9.15%+CRP+BSP) എസ്ബിഐ ഇബിഎൽആർ അഥവാ വായ്പകളുടെ പലിശനിരക്കായി നിശ്ചയിച്ചിരുന്നത്.

ഇതാണ് 8.90% നിരക്കും ഒപ്പം സിആർപിയും ബിഎസ്പിയുമായി കുറച്ചത്. ഭവന, വ്യക്തിഗത, റീട്ടെയ്ൽ വായ്പകൾ എടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) കുറയാൻ ഇതു സഹായിക്കും.

ഇബിഎൽആറിന് പുറമേ ഭവന വായ്പ, ബിസിനസ് വായ്പ എന്നിവയുടെ പലിശ നിർണയിക്കാൻ റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റും (RLLR) എസ്ബിഐക്കുണ്ട്. ഇതിന്റെ നിരക്ക് 8.75%+സിആർപി എന്നതിൽ നിന്ന് 8.50%+സിആർപി ആയി കുറച്ചു.

വായ്പാ വിതരണത്തിലെ റിസ്ക് തരണം ചെയ്യാൻ ഈടാക്കുന്നതാണ് സിആർപി. ആർഎൽഎൽആറും ഇബിഎൽആറും റീപ്പോനിരക്കുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതായതിനാൽ, റീപ്പോനിരക്ക് കുറയുമ്പോൾ ഇവയും കുറയും.

എസ്ബിഐ ഇബിഎൽആർ, ആർഎൽഎൽആർ എന്നിവയിൽ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്കാണ് കുറച്ചത്. ഈ വിഭാഗത്തിലുള്ള വായ്പ എടുത്തവർക്ക് മാത്രമാണ് ആശ്വാസം.

മറ്റ് മാനദണ്ഡങ്ങളായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR), ബേസ്റേറ്റ് അഥവാ ബെഞ്ച്മാർക്ക് പ്രൈം ലൈൻഡിങ് റേറ്റ് (BPLR) എന്നിവ കുറച്ചിട്ടില്ല. അതായത്, ഈ വിഭാഗത്തിലെ വായ്പകൾ എടുത്തവർക്ക് പലിശയിളവ് കിട്ടില്ല.

ഈ വിഭാഗങ്ങൾ റീപ്പോയിൽ അധിഷ്ഠതമല്ലാത്തതാണ് കാരണം. ബാങ്കുകൾ‌ സ്വന്തം നിലയ്ക്ക് കുറച്ചാൽ മാത്രമേ ഈയിനത്തിലെ വായ്പകളുടെ പലിശയും കുറയൂ.

വായ്പാ ഇടപാടുകാർക്ക് ബാങ്കുമായി സംസാരിച്ച് അവരുടെ ഇത്തരം വായ്പകളും ഇബിഎൽആർ/ആർഎൽഎൽആർ വിഭാഗത്തിലേക്ക് മാറ്റാനും പലിശയിളവ് നേടാനും കഴിയും.

X
Top