മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെ (എസ്‌ബിഐ കാർഡ്) അറ്റാദായം 52 ശതമാനം ഉയർന്ന് 526 കോടി രൂപയിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) പിന്തുണയുള്ള ക്രെഡിറ്റ് കാർഡ് കമ്പനി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 345 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കൂടാതെ രണ്ടാം പാദത്തിൽ മൊത്ത വരുമാനം ഒരു വർഷം മുൻപത്തെ 2,695 കോടി രൂപയിൽ നിന്ന് 28 ശതമാനം ഉയർന്ന് 3,453 കോടി രൂപയായി വർധിച്ചു.
കമ്പനിയുടെ പലിശ വരുമാനം 27 ശതമാനം വർധിച്ച് 1,484 കോടി രൂപയായപ്പോൾ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം 29 ശതമാനം ഉയർന്ന് 1,813 കോടി രൂപയായി. പ്രസ്തുത പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി 2.14 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.91 ശതമാനമായും കുറഞ്ഞതോടെ കമ്പനിയുടെ ആസ്തി നിലവാരം മെച്ചപ്പെട്ടു.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൂലധന പര്യാപ്തത അനുപാതം 23.2 ശതമാനമായിരുന്നുവെന്ന് എസ്ബിഐ കാർഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.