Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കിറ്റെക്‌സ് തെലങ്കാന പദ്ധതിക്ക് ധനസഹായവുമായി എസ്ബിഐ കൺസോർഷ്യം

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന്റെ തെലങ്കാനയിലെ പ്രൊജക്റ്റിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നേതൃത്വത്തിൽ ഒരു കൂട്ടം ബാങ്കുകൾ വമ്പിച്ച സാമ്പത്തിക സഹായം നൽകാൻ തയ്യാറായി രംഗത്തെത്തി.

കൊച്ചി ആസ്ഥാനമായുള്ള മുൻനിര കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ (കെജിഎൽ) സബ്‌സിഡിയറിയാണ് തെലങ്കാനയിൽ സ്ഥാപിതമായ കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് (കെഎപിഎൽ). ഇതിന്റെ വിപുലീകരണത്തിനാണു 2023 കോടി രൂപ ധനസഹായം നൽകാൻ എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം തയ്യാറായിരിക്കുന്നത്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ(യുബിഐ), ബാങ്ക് ഓഫ് ബറോഡ(ബിഒബി), ആക്സിസ് ബാങ്ക്, എക്സിം ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് ബാങ്കുകൾ. ഇതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ പുരോഗമിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.

ഗ്രൂപ്പിന്റെ തെലങ്കാന പ്രോജക്റ്റിന്റെ (കെഎപിഎൽ) 70 ശതമാനം ഉടമസ്ഥാവകാശം കെജിഎൽ കൈവശം വെച്ചിരിക്കുമ്പോൾ ശേഷിക്കുന്ന 30 ശതമാനം കിറ്റെക്‌സ് ചിൽഡ്രൻസ്‌വെയർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൺസോർഷ്യത്തിന്റെ വായ്പ സുരക്ഷിതമാക്കാൻ കോർപ്പറേറ്റ് ഗ്യാരണ്ടി നൽകുന്നതിന് കിറ്റെക്സ് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ് ഗ്യാരന്റി നൽകുന്നതിന് ഉടമസ്ഥാവകാശ രേഖകൾക്കു അനുസൃതമായി കമ്പനി അതിന്റെ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ കിറ്റെക്സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡുമായി സംയുക്തമായി 70:30 എന്ന അനുപാതത്തിലായിരിക്കും നൽകുകയെന്ന് ബോർഡ് വിശദീകരിച്ചു.

മൊത്തം നിക്ഷേപമായ 100 കോടിയിൽ 70 കോടി രൂപയുടെ ഓഹരികൾ കിറ്റെക്‌സ് ഗാർമെന്റ്‌സ് ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, ബാക്കി 30 കോടി രൂപ ന്യൂനപക്ഷ പങ്കാളിയായ കിറ്റെക്‌സ് ചിൽഡ്രൻസ്‌വെയർ നിക്ഷേപിച്ചു.

എന്നിരുന്നാലും, ഗ്രൂപ്പിന്റെ ‘മുഖം രക്ഷിക്കാനായുള്ള’ ഈ സംരംഭത്തിൽ പ്രധാന ഓഹരിയുടമയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ഇതുവരെ 70 കോടി രൂപ അധികമായി നിക്ഷേപിച്ചിട്ടുണ്ട്. അങ്ങനെ 200 കോടി രൂപ അടച്ച മൂലധനമുള്ള ഈ പദ്ധതിയിൽ കിറ്റക്സിന്റെ നിക്ഷേപം 140 കോടി രൂപയായി ഉയർന്നു.

ലഭ്യമായ രേഖകൾ പ്രകാരം കെഎപിഎല്ലിന്റെ അംഗീകൃത മൂലധനം 750 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

X
Top