ന്യൂഡല്‍ഹി: നിരക്ക് വര്‍ധന നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തയ്യാറാകും, എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പണലഭ്യത ഉറപ്പുവരുത്തുന്ന നിലപാടായിരിക്കും കേന്ദ്രബാങ്കിന്റെത്. നിലവിലെ നിരക്ക് വച്ച് പണപ്പെരുപ്പം 2023 മാര്‍ച്ചോടെ 5 ശതമാനവും ഏപ്രിലില്‍ 4.2 ശതമാനവുമായി കുറയും.
അതുകൊണ്ടുതന്നെ 6.25 ശതമാനത്തില്‍ റിപ്പോ നിരക്ക് നിലനിര്‍ത്താനായിരിക്കും ആര്‍ബിഐ ശ്രമം. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന കുറഞ്ഞ തോതിലാകുമെന്നും ഇതോടെ വളര്‍ന്നുവരുന്ന വിപണികളും സമാന പാത പിന്തുടരുമെന്നും എസ്ബിഐ പ്രസ്താവനയില്‍ പറയുന്നു. വളര്‍ന്നുവരുന്ന വിപണികളിലേയ്ക്കുള്ള മൂലധനമൊഴുക്ക് ഇതോടെ തുടരും.
2024 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ 5 ശതമാനത്തിലേക്ക് നീങ്ങുമ്പോള്‍ കോര്‍ സിപിഐ 5.5 ശതമാനത്തിലേക്കോ അതില്‍ കുറവിലേക്കോ വീഴുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബുധനാഴ്ചയാണ് നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം എംപിസി യോഗം പുറത്തുവിടുക. അതിനായി നിലവില്‍ എംപിസി യോഗം ചേരുകയാണ്.
തിങ്കളാഴ്ചയാണ് മൂന്നുദിവസം നീളുന്ന എംപിസി യോഗത്തിന് തുടക്കമായത്.