രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വാർഷിക നിരക്കുകൾ പരിഷ്കരിക്കുന്നു.
പുതിയ സാമ്പത്തിക വർഷം (2024-25) മുതൽ ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് ആണ് എസ്ബിഐ പുതുക്കി നിശ്ചയിക്കുന്നത്. 2024 ഏപ്രിൽ മാസം വാർഷിക നിരക്കുകൾ പരിഷ്കരിക്കുന്ന ഡെബിറ്റ് കാർഡുകളുടെ വിശദാംശം നോക്കാം.
ക്ലാസിക് കാർഡ്
ക്ലാസിക് ഡെബിറ്റ് കാർഡുകൾക്ക് (ക്ലാസിക്/ സിൽവർ/ ഗ്ലോബൽ/ കോൺടാക്ട്‍ലെസ്) നിലവിൽ 125 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് ആന്വൽ മെയിന്റനൻസ് ചാർജ് ഇനത്തിൽ ഈടാക്കുന്നത്.
എന്നാൽ 2024 ഏപ്രിൽ മുതൽ ക്ലാസിക് ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് 200 രൂപയും ജിഎസ്ടിയുമായി വർധിക്കും (ജിഎസ്ടി 18%). അതായത് ക്ലാസിക് ഡെബിറ്റ് കാർഡുകളുടെ വാർഷിക നിരക്കിൽ 88.50 രൂപയുടെ വർധന ഉണ്ടാകുന്നുവെന്ന് ചുരുക്കം.
യുവ കാർഡ്
യുവ ഡെബിറ്റ് കാർഡുകൾക്ക് [യുവ/ ഗോൾഡ്/ കോമ്പോ ഡെബിറ്റ് കാർഡ്/ മൈ കാർഡ് (ചിത്രമുള്ള കാർഡ്)] 175 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് നിലവിലുള്ള ആന്വൽ മെയിന്റനൻസ് ചാർജ്.
എന്നാൽ അടുത്ത മാസം മുതൽ ഈ വിഭാഗം ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും (ജിഎസ്ടി 18%). അതായത് യുവ ഡെബിറ്റ് കാർഡുകളുടെ വാർഷിക നിരക്കിൽ 88.50 രൂപ വർധിക്കുമെന്ന് സാരം.
പ്ലാറ്റിനം കാർഡ്
പ്ലാറ്റിനം ഡെബിറ്റ് കാർഡുകൾക്ക് 250 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് നിലവിലെ ആന്വൽ മെയിന്റനൻസ് ചാർജായി എസ്ബിഐ ഈടാക്കുന്നത്. ഏപ്രിൽ മാസം മുതൽ ഇതു 325 രൂപയും ജിഎസ്ടിയുമായി വർധിക്കും (ജിഎസ്ടി 18%).
അതായത് പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ വാർഷിക നിരക്കിൽ 88.50 രൂപയുടെ വർധന ഉണ്ടാകുമെന്ന് ചുരുക്കം.
പ്രീമിയം ബിസിനസ് കാർഡ്
പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡുകളുടെ ഉപഭോക്താക്കളിൽ നിന്നും ആന്വൽ മെയിന്റനൻസ് ചാർജ് ഇനത്തിൽ 350 രൂപയും ജിഎസ്ടിയുമാണ് നിലവിൽ ഈടാക്കുന്നത്.
2024 ഏപ്രിൽ മുതൽ വാർഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും (ജിഎസ്ടി 18%). അതായത് പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡുകളുടെ വാർഷിക നിരക്കിൽ 88.50 രൂപ വർധിക്കുന്നുവെന്ന് സാരം.
ക്രെഡിറ്റ് കാർഡിലും പരിഷ്കാരം
അതേസമയം തന്നെ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ടും ചില പരിഷ്കാരങ്ങൾ വരുന്ന ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിലാകുന്നുണ്ട്. റിവാർഡ് പോയിന്റുകളുടെ നിബന്ധനകളുമായി ബന്ധപ്പെട്ടാണ് പരിഷ്കാരം.
ഇതനുസരിച്ച് 2024 ഏപ്രിൽ മാസം മുതൽ വാടക തുക നൽകുന്നതിനായി നടത്തുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് റിവാർഡ‍് പോയിന്റ് ലഭിക്കില്ല.
ഇതോടെ പ്രധാന ക്രെഡിറ്റ് കാർഡ് വിഭാഗങ്ങളായ ഓറം, എസ്ബിഐ കാർഡ് എലൈറ്റ് അഡ്വാന്റേജ്, എസ്ബിഐ കാർഡ് എലൈറ്റ്, സിംപ്ലി ക്ലിക്ക് എസ്ബിഐ കാർഡ്, എസ്ബിഐ കാർഡ് പൾസ് തുടങ്ങിയ ക്രെഡിറ്റ് കാർഡുകളിലൊക്കെ ഇത്തരം റിവാർഡ് പോയിന്റുകൾ നിർത്തലാകും.