സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഈ വർഷം രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഡോളർ മൂല്യത്തിലുള്ള ഏറ്റവും ഉയർന്ന വായ്പയാണിത്. ഇക്കഴിഞ്ഞ ജൂലൈയിൽ 750 ദശലക്ഷം ഡോളർ വായ്പയെടുത്ത ബാങ്കാണ് ഇപ്പോൾ വീണ്ടും വിദേശ കറൻസിയിൽ പണം വായ്പയെടുക്കുന്നത്.
സിടിബിസി ബാങ്ക്, എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി, തായ്പേയ് ഫ്യൂബൺ ബാങ്ക് എന്നിവയാണ് ഈ ധനസഹായം അഞ്ച് വർഷത്തേക്ക് ഉറപ്പാക്കുക. 92.5 ബേസിസ് പോയിൻ്റ് പലിശ നിരക്കിലാണ് വായ്പാത്തുക നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പുതിയ ഫിനാൻഷ്യൽ ഹബ്ബായ ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിലെ ശാഖയിലൂടെയാണ് എസ്ബിഐ വായ്പയെടുക്കുന്നത്. എന്നാൽ വായ്പയെ കുറിച്ച് ബാങ്കിത് വരെ പ്രതികരിച്ചിട്ടില്ല.
ഡോളർ വായ്പയ്ക്ക് ശ്രമിക്കുന്ന നിരവധി കമ്പനികളുടെ നിരയിലേക്കാണ് ഇപ്പോൾ എസ്.ബി.ഐയും എത്തിച്ചേർന്നിരിക്കുന്നത്. ചോലമണ്ഡലം ഇൻവെസ്റ്റ്മെൻ്റ് ഫിനാൻസ് കമ്പനി 300 ദശലക്ഷം ഡോളറും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സിഡ്നി ബ്രാഞ്ച് 125 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറും ബാങ്ക് ഓഫ് ബറോഡ 750 ദശലക്ഷം ഡോളറും വാങ്ങിയിരുന്നു.
ഇതൊക്കെയുണ്ടായിട്ടും ഇന്ത്യയുടെ ഡോളർ വായ്പയുടെ വലുപ്പം 27 ശതമാനം കുറഞ്ഞ് 14.2 ബില്യൺ ഡോളറിലെത്തി.