
മുംബൈ: കൂടുതൽ ബാങ്കർമാരെ നിയമിക്കാൻ ഒരുങ്ങി എസ്ബിഐ. ഇന്ത്യയിലെ എതിരാളികളിൽ നിന്നുള്ള മത്സരം നേരിടുന്നതിന് വേണ്ടിയാണ് എസ്ബിഐ നൂറുകണക്കിന് ബാങ്കർമാരെ നിയമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലുടനീളമുള്ള 22,500 ശാഖകളാണ് എസ്ബിഐക്കുള്ളത്. എച്ച്എസ്ബിസി, ബാർക്ലേസ് തുടങ്ങിയ ആഗോള കമ്പനികളിൽ നിന്ന് ഇപ്പോൾ ബാങ്ക് മത്സരം നേരിടുന്നുണ്ട്.
360 വൺ ഡബ്ല്യുഎഎം ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നും ഇപ്പോൾ കടുത്ത മത്സരം നേരിടുന്നുണ്ട്. രാജ്യത്തിൻ്റെ വളരുന്ന സാമ്പത്തിക വ്യവസ്ഥയും അതിസമ്പന്നരെയും ലക്ഷ്യമിട്ട് 2,000 റിലേഷൻഷിപ്പ് മാനേജർമാരെയാണ് കമ്പനി നിയമിക്കുന്നത്.
സമ്പന്നരായ വ്യക്തികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വെൽത്ത് മാനേജ്‌മെൻ്റ് സമീപനം മാറ്റാൻ എസ്ബിഐ ലക്ഷ്യമിടുകയാണ്.
വെൽത്ത് മാനേജ്‌മെൻ്റ് യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖര വ്യക്തമാക്കി. ധനകാര്യ മേഖലയിലെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയബാങ്കിംഗ് ശൃംഖലയും ഇപ്പോൾ എസ്ബിഐക്കുണ്ട്.
ഇന്ത്യയിലെ വെൽത്ത് മാനേജ്മന്റ് സെഗ്മൻറിന് വലിയ സാധ്യതകളുണ്ട്. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൻ്റെ കണക്കനുസരിച്ച്, 2023-ൽ സാമ്പത്തിക സമ്പത്തിൽ 59000 കോടി ഡോളറിൻ്റെ വർധനവാണ് ഈ രംഗത്തുള്ളത്.
വമ്പിച്ച ബ്രാഞ്ച് ശൃംഖലയും പുതിയ വെൽത്ത് മാനേജ്‌മെൻ്റ് പോളിസികളും ഉണ്ടായിരുന്നിട്ടും ഈ രംഗത്ത് എസ്ബിഐ വെല്ലുവിളികൾ നേരിടുകയാണ്.
എസ്ബിഐയുടെ പ്രകടനം എങ്ങനെ?
ഏപ്രിൽ-ജൂൺ കാലയളവിൽ ബാങ്ക് 8.2 ശതമാനം വാർഷിക നിക്ഷേപ വളർച്ച നേടി. ഇത് ബാങ്കിൻ്റെ കുറഞ്ഞ നിരക്കാണ്.
വായ്പാ വളർച്ച 15 ശതമാനമാണ്. 2025 സാമ്പത്തിക വർഷത്തിൽ എസ്ബിഐയുടെ വായ്പകൾ 14-15 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപങ്ങളും ഇരട്ട അക്ക വളർച്ച നേടിയേക്കും.
2024 ഏപ്രിൽ-ജൂൺ പാദത്തിലെ അറ്റാദായം 16,884 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇടിഞ്ഞു. 0.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 17,035 കോടി രൂപയാണ് അറ്റാദായം.