മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴിതാ രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് എളുപ്പത്തില്‍ മതിയായ വായ്പ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി എത്തിയിരിക്കുകയാണ് എസ്ബിഐ.
തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയര്‍ത്താന്‍ എസ്ബിഐ ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ അഞ്ച് കോടി രൂപയാണ് വായ്പയായി കൊടുത്തിരുന്നത്.
പുതിയ മാറ്റങ്ങള്‍ അനുസരിച്ച് നിലവിലെ അഞ്ച് കോടിയില്‍ നിന്ന് വായ്പ ഉയര്‍ത്താനാണ് ശ്രമം. മാത്രമല്ല ഇത്തരം സംരഭങ്ങള്‍ക്കായുള്ള വായ്പ കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ പെട്ടെന്ന് തന്നെ ഉറപ്പാക്കാം.
2024 മാര്‍ച്ച് വരെ രാജ്യത്തുടനീളം എസ്ബിഐക്കുള്ളത് 22,542 ശാഖകളാണ്. കൂടുതല്‍ ശാഖകള്‍ തുറക്കുന്നതിനു പുറമെ 65,000 എടിഎമ്മുകളിലൂടെയും 85,000 ബിസിനസ് കറസ്പോണ്ടന്റുകളിലൂടെയും എസ്ബിഐ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തുമെന്നും എസ്ബിഐ വ്യക്തമാക്കുന്നുണ്ട്.
ഉടനെ 10000 ജീവനക്കാരെ നിയമിക്കാനും എസ്ബിഐയ്ക്ക് പദ്ധതിയുണ്ട്. 2024 മാര്‍ച്ച് വരെ ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണം 2,32,296 ആണ്. ഏകദേശം 1,500 സാങ്കേതിക വിദഗ്ധരെ എസ്ബിഐയ്ക്ക് ആവശ്യമുണ്ട് എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.
ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റ ആര്‍ക്കിടെക്റ്റുകള്‍, നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കും നിയമനം ഉണ്ടാകുമെന്ന് എസ്ബിഐ ചെയര്‍മാന്‍ സി എസ് ഷെട്ടി പിടിഐയോട് പറഞ്ഞു.