മുംബൈ: 746 കോടിയിലധികം രൂപ വീണ്ടെടുക്കുന്നതിനായി വിവിധ നിഷ്‌ക്രിയ ആസ്തികൾ വിൽക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇതിനായി ബാങ്ക് അടുത്ത ദിവസങ്ങളിൽ സിന്ടെക്‌സ് ബിഎപിഎല്ലിന്റെ അക്കൗണ്ട് ഉൾപ്പെടെയുള്ള വിവിധ നിഷ്‌ക്രിയ ആസ്തികൾ വിറ്റഴിക്കും.
2022 നവംബർ 4-ന് നടക്കുന്ന ലേലത്തിൽ അസറ്റ് പുനർനിർമ്മാണ കമ്പനികൾ (ARCs) / ധനകാര്യ സ്ഥാപനങ്ങൾ (FIs), ബാങ്കുകൾ അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs) എന്നിവയ്ക്ക് എസ്ബിഐ എൻപിഎകൾ വിൽക്കും.
നിർദിഷ്ട ലേലത്തിൽ 197.74 കോടി രൂപ കുടിശ്ശികയുള്ള സിന്ടെക്‌സ് ബിഎപിഎല്ലിന്റെ അക്കൗണ്ടും സൂറത്ത് ഹാസിറ എൻഎച്ച് 6 ടോൾവേ പ്രൈവറ്റ് ലിമിറ്റഡിന്റെ 335.54 കോടിയുടെ അക്കൗണ്ടും ഉൾപ്പെടും. സിന്ടെക്‌സ് ബിഎപിഎല്ലിന്റെ കാര്യത്തിൽ, തട്ടിപ്പ് അക്കൗണ്ടായതിനാൽ എആർസികൾക്ക് മാത്രമേ ഇ-ലേലത്തിന് അർഹതയുള്ളൂവെന്ന് എസ്ബിഐ അറിയിച്ചു.
കമ്പനിക്കെതിരെയുള്ള 197.74 കോടി രൂപയുടെ കുടിശ്ശികയിൽ 6.10 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉൾപ്പെടുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തിനായി ഇഞ്ചക്ഷൻ മോൾഡഡ് പ്ലാസ്റ്റിക് ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് സിന്ടെക്‌സ് ബിഎപിഎൽ.