2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഗൂഗിളിന് തിരിച്ചടി: സിസിഐ വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുന്ന സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം ഉത്തരവ് പാലിക്കാന്‍ ഒരാഴ്ച അധികം സമയം അനുവദിച്ചിട്ടുണ്ട്.

ജനുവരി-19 നകം ആന്‍ഡ്രോയ്ഡ് സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്നായിരുന്നു സിസിഐ ആവശ്യം. ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കരുത്തേകുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ്. ഇതിലെ ആധിപത്യം ചൂഷണം ചെയ്തുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല സിസിഐയുടെ ഉത്തരവ് ശരിവെക്കുകയും അപ്പീലില്‍ തീരുമാനമെടുക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനോട് ആവശ്യപ്പെടുകയും ചെയ്തു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) മാര്‍ച്ച് 31-നകം അപ്പീല്‍ തീര്‍പ്പാക്കും.

മാത്രമല്ല, എല്ലാ നടപടികളും അപ്പീലിന്റെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കെതിരെ കണ്ടെത്തിയ കുറ്റാരോപണങ്ങള്‍ സിസിഐ അതേപടി പകര്‍ത്തുകയാണെന്ന് ഗൂഗിള്‍ ആരോപിച്ചിരുന്നു. സിസിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ആര്‍ വെങ്കട്ടരാമന്‍ എന്നാല്‍ ഇക്കാര്യം നിഷേധിച്ചു.

മൂന്നാം ലോക രാജ്യമായ ഇന്ത്യയോട് വിവേചനം കാണിക്കുന്ന നയമാണ് ഗൂഗിളിന്റേതെന്ന് വെങ്കട്ടരാമന്‍ പറയുന്നു. തുടര്‍ന്ന് വിദേശത്ത് നടപ്പിലാക്കിയ മാറ്റം ഇന്ത്യയിലും ഏര്‍പ്പെടുത്താന്‍ തയ്യാറാണോ എന്ന് ടെക്ക് ഭീമനോട് സുപ്രീം കോടതി ആരാഞ്ഞു.

വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഗൂഗിളിന് മേല്‍ 1,337.76 കോടി രൂപ പിഴ ചുമത്താനും കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ തയ്യാറായിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിഗ് സിസ്റ്റത്തെ ഗൂഗിള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗം ചെയ്തെന്ന് കോംപിറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. അടയ്ക്കേണ്ട പിഴയുടെ 10 ശതമാനം ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലും(എന്‍സിഎല്‍എടി) പിന്നീട് നിര്‍ദ്ദേശിച്ചു.

തുടര്‍ന്നാണ് ഗൂഗിള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

X
Top