മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ(NBFC) മുത്തൂറ്റ് ഫിനാന്‍സിന്റെ(Muthoot Finance) സബ്‌സിഡിയറി കമ്പനിയായ ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സിന്റെ(Belstar Microfinance) പ്രാരംഭ ഓഹരിവില്പനയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്/ഐപിഒ/IPO) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി/SEBI) അനുമതി. 1,300 കോടി രൂപ ഐ.പി.ഒ വഴി സമാഹരിക്കുകയാണ് ലക്ഷ്യം.
ഐ.പി.ഒയില്‍ 1,000 കോടി രൂപയുടെ ഓഹരികളും 300 കോടിയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഉണ്ടാകുക.
ബെല്‍സ്റ്റാറില്‍ നിക്ഷേപകരായ ഡാനിഷ് നിക്ഷേപക സ്ഥാപനമായ എം.എ.ജെ ഇന്‍വെസ്റ്റ് 175 കോടി രൂപയുടെ ഓഹരികള്‍ ഒ.എഫ്.എസിലൂടെ വിറ്റഴിക്കും. അരുണ്‍ ഹോള്‍ഡിംഗ്‌സ്, അഗസ്റ്റ ഇന്‍വെസ്റ്റ്‌മെന്റ്‌സ് സീറോ ലിമിറ്റഡ് എന്നീ നിക്ഷേപകര്‍ യഥാക്രമം 97, 28 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും.
2018ലും 2022 ലുമാണ് ഡെന്മാര്‍ക്ക് ആസ്ഥാനമായ എം.എ.ജെ ഇന്‍വെസ്റ്റ് ബെല്‍സ്റ്റാറില്‍ നിക്ഷേപം നടത്തിയത്.
പ്രധാന പ്രമോട്ടര്‍മാരായ മുത്തൂറ്റ് ഫിനാന്‍സിന് ബെല്‍സ്റ്റാറില്‍ 66 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്.
ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 760 കോടി രൂപ വായ്പ നല്‍കുന്നതിനുള്ള മൂലധന ആവശ്യങ്ങള്‍ക്കും ബാക്കി തുക കോര്‍പറേറ്റ് കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കാനാണ് പദ്ധതി.
ചെറുകിട സംരംഭങ്ങള്‍ക്കുള്ള മൈക്രോ എന്റര്‍പ്രൈസ് വായ്പ, കണ്‍സ്യൂമര്‍ ഗുഡ്സ്, വിദ്യാഭ്യാസം, എമര്‍ജന്‍സി ലോണുകള്‍, സ്വയം സഹായസംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നീ വായ്പാപദ്ധതികളിലൂന്നി പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സിയാണ് ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്.
ചെന്നൈയാണ് കമ്പനിയുടെ ആസ്ഥാനം. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് 1,014 ശാഖകളാണ് ബെല്‍സ്റ്ററിനുള്ളത്.
20 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. ശാഖകളില്‍ കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
10,559 ജീവനക്കാരും വിവിധ ബ്രാഞ്ചുകളിലായി കമ്പനിക്കുണ്ട്. ബെല്‍സ്റ്റാര്‍ കൈകാര്യം ചെയ്യുന്ന വായ്പ ആസ്തികള്‍ മുന്‍വര്‍ഷത്തേക്കാള്‍ 62 ശതമാനം വര്‍ധിച്ച് 10,023 കോടി രൂപയായിരുന്നു. ലാഭം 340 കോടി രൂപ.