
മുംബൈ: ഇതര നിക്ഷേപ ഫണ്ടുകളിലെ (എഐഎഫ്) വിദേശ നിക്ഷേപം നിയന്ത്രിക്കാനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനം കേമാന്‍ ദ്വീപുകളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള പണമൊഴുക്ക് തടയും. നിലവില്‍ ഇവിടങ്ങളില്‍ നിന്നുള്ള സംഭാവന 10-15 ശതമാനമാണ്. എഐഎഫില്‍ നിക്ഷേപമിറക്കുന്ന വിദേശ നിക്ഷേപകരോ അല്ലെങ്കില്‍ 25 ശതമാനമോ അതില്‍ കൂടുതലോ സംഭാവന ചെയ്യുന്ന നിക്ഷേപക ഗ്രൂപ്പോ
യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടരുത് എന്ന് സെബി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
തന്ത്രപരമായ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ വിരുദ്ധ പോരായ്മകളും ഉള്ള രാജ്യത്തെ ആളുകള്‍ക്കും എഐഫില്‍ നിക്ഷേപിക്കാനാകില്ല. ഇതിനായി ആഗോള നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പട്ടികയാണ് മാനദണ്ഡമാക്കേണ്ടതെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിഷ്‌ക്കര്‍ഷിച്ചു. കേമാന്‍ ദ്വീപുകളും യുഎഇയും മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇരുവരും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്റെ ബഹുമുഖ അല്ലെങ്കില്‍ ഉഭയകക്ഷി ധാരണാപത്രത്തില്‍ ഒപ്പുവച്ചുള്ള രാജ്യത്തെ പൗരനായിരിക്കണം നിക്ഷേപകന്‍ എന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഉപാദി വയ്ക്കുന്നു. കേമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന് ഇനി സിംഗപ്പൂര്‍, ലക്‌സംബര്‍ഗ് തുടങ്ങിയ അധികാരപരിധികളില്‍ പ്രത്യേക പര്‍പ്പസ് വെഹിക്കിള്‍ സ്ഥാപിക്കേണ്ടി വരും.
ഭാവിയില്‍ ഗ്രേലിസ്റ്റില്‍ പെട്ടേയ്ക്കാവുന്ന സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും എഐഎഫുകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.