ന്യൂഡല്‍ഹി: വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) 33 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാറിന് ഓപ്പണ്‍ ഓഫര്‍ നടത്തുന്നതില്‍ ഇളവ് നല്‍കിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി. പൊതുതാല്‍പര്യപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ വിഐഎല്ലില്‍ ഓഹരി പങ്കാളിത്തം നേടുന്നതെന്നും അതിനാല്‍ ഓപ്പണ്‍ ഓഫര്‍ നടത്തേണ്ടതില്ലെന്നും 9 പേജുകളുള്ള ഉത്തരവില്‍ സെബി പറഞ്ഞു. ഒരു കമ്പനിയുടെ ഓഹരികള്‍ മറ്റൊരു സ്ഥാപനം ഏറ്റെടുക്കുകയാണെങ്കില്‍ ഏറ്റെടുപ്പ്് നടത്തുന്ന സ്ഥാപനം ഓപ്പണ്‍ ഓഫര്‍ നടത്തണമെന്നാണ് ചട്ടം.
ഏറ്റെടുക്കുന്ന കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകളോട് അവരുടെ പക്കലുള്ള ഓഹരികള്‍ പ്രത്യേക തുകയ്ക്ക് ടെന്‍ഡര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഓപ്പണ്‍ ഓഫറില്‍ ചെയ്യുക. എന്നാല്‍ വിഐഎല്ലിന്റെ മാനേജ്‌മെന്റിലോ ഡയറക്ടര്‍ ബോര്‍ഡിലോ അംഗമാകാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി മാനേജ്‌മെന്റില്‍ മാറ്റമുണ്ടാകില്ലെന്നും സെബി നിരീക്ഷിച്ചു. മാത്രമല്ല പൊതു ഓഹരിപങ്കാളിത്തമാണ് സര്‍ക്കാറിന്റേതെന്നും സെബി പറഞ്ഞു.
അതിനാലാണ് ഓപ്പണ്‍ ഓഫര്‍ നടത്തുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിന് ഇളവ് നല്‍കുന്നത്. വലിയ തുക കമ്പനി കേന്ദ്രസര്‍ക്കാറിന് നല്‍കാനുണ്ടെന്ന് സെബി സ്ഥിരീകരിച്ചു. അത് കമ്പനിയുടെ മേല്‍ വലിയ ഭാരമാണ് ചുമത്തുന്നത്. ഓപ്പണ്‍ ഓഫര്‍ നടത്തുകയാണെങ്കില്‍ അത്രയും തുക മാറ്റിയിരിപ്പ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.
അതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ ഒഴിവാക്കാനാണ് ഇളവ് നല്‍കുന്നത്. കമ്പനിയെ രക്ഷപ്പെടുത്താനായി ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓഫര്‍ സെപ്തംബറിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്. സെപ്ക്ട്രം, ലൈസന്‍സിംഗ് ഫീസ് ഇനത്തില്‍ വന്‍ തുകയാണ് കമ്പനി കേന്ദ്രസര്‍ക്കാറിന് നല്‍കാനുള്ളത്. ഇതിന്റെ പലിശ ഒഴിവാക്കി അത്രയും തുകയുടെ ഓഹരികള്‍ ഏറ്റെടുക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ ഓഫര്‍.
തുടര്‍ന്ന് കമ്പനി കേന്ദ്രസര്‍ക്കാറിന്റെ ഓഫര്‍ സ്വീകരിച്ചു. ഇതോടെ വന്‍ സാമ്പത്തിക ബാധ്യതയില്‍ ഉഴറുന്ന കമ്പനിയുടെ 33.44 ശതമാനം ഓഹരികള്‍ സര്‍ക്കാറിന് സ്വന്തമാക്കാനായി.