ന്യൂഡല്‍ഹി: നോമിനിയെ നിര്‍ദ്ദേശിക്കുന്നതിനും ഒഴിവാക്കുന്നതിനും ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നീട്ടി. 2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്. 2021 ജൂലൈയിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആദ്യം പുറപ്പെടുവിക്കുന്നത്.
2022 മാര്‍ച്ച് 31 ആയിരുന്നു അന്ന് നിശ്ചയിച്ച സമയപരിധി. അതിനുള്ളില്‍ നോമിനെയെ നിര്‍ദ്ദേശിക്കാത്ത പക്ഷം അക്കൗണ്ട് മരവിപ്പിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. പിന്നീട് സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി.
ഇക്കാര്യത്തില്‍ ക്ലയ്ന്റുകളെ നിര്‍ബന്ധിക്കാന്‍ ബ്രോക്കര്‍മാരോടും ഡെപ്പോസിറ്ററി പങ്കാളികളോടും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രണ്ടാഴ്ചയിലൊരിക്കല്‍ ഇമെയിലുകളും എസ്എംഎസും അയക്കണം. ക്ലയ്ന്റുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സെബി ആവശ്യപ്പെടുന്നു.