
ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ ലംഘിച്ച് കടപത്രങ്ങള്‍ ഇഷ്യു ചെയ്ത കേസില്‍ സഹാറ ഗ്രൂപ്പിനെതിരെ വീണ്ടും സെബി(സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി. 15 ദിവസത്തിനകം 6.42 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഹാറ ഗ്രൂപ്പിനും മേധാവി സുബ്രത റോയിക്കും മറ്റുള്ളവര്‍ക്കും സെബി നോട്ടീസ് അയച്ചു. പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട
പിഴയടക്കാന്‍ നേരത്തെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഉത്തരവിട്ടിരുന്നു. അതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നോട്ടീസ്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ (ഇപ്പോള്‍ സഹാറ കമ്മോഡിറ്റി സര്‍വീസസ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്നു), സുബ്രതാ റോയ്, അശോക് റോയ് ചൗധരി, രവിശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നീ അഞ്ച് പേരില്‍ നിന്ന് 6 കോടി രൂപ പിഴ ഈടാക്കാനുള്ള ഉത്തരവാണ് ജൂണില്‍ സെബി പുറത്തിറക്കിയത്.
സഹാറ പ്രൈം സിറ്റി (എസ്പിസിഎല്‍) എന്ന സഹാറ ഗ്രൂപ്പ് കമ്പനി 2009 ല്‍ ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കൃത്രിമത്വം കണ്ടെത്തിയത്. ഇവരുടെ അനുബന്ധ സ്ഥാപനങ്ങളായ എസ്ഐആര്‍ഇസിഎല്‍, എസ്എച്ച്ഐസിഎല്‍ എന്നിവ 2008,2009 വര്‍ഷങ്ങളില്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ വഴി പണസമാഹരണം നടത്തിയ കാര്യമാണ് സെബിയുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് നിയമം അനുശാസിക്കുന്ന വഴിയുലൂടെയല്ല നടത്തിയതെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടത്തി.
ഡിബെഞ്ച്വര്‍ വഴി പണസമാഹരണം നടത്തുമ്പോള്‍ അവശ്യം സമര്‍പ്പിക്കേണ്ട രേഖകളും മറ്റ് മാനദണ്ഡങ്ങളും കമ്പനികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഡിബഞ്ച്വറുകള്‍ക്ക് പുറമെ ബോണ്ടുകളും ഇത്തരത്തില്‍ കമ്പനികള്‍ പുറത്തിറക്കിയിരുന്നു. നിരവധി കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം 2013 ല്‍ എസ്പിസിഎല്ലിന്റെ ഐപിഒ അപേക്ഷ സെബി ക്ലോസ് ചെയ്തു.
സഹാറ മേധാവി സുബ്രത റോയി അറസ്റ്റിലാകുകകയും രണ്ടുവര്‍ഷം തിഹാര്‍ ജയില്‍ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അനധികൃതമായി പിരിച്ച പണം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാല്‍ പണം തങ്ങള്‍ പിന്നീട് സെബിയില്‍ നിക്ഷേപിച്ചുവെന്നാണ് സഹാറ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്.
പണം ചെലവഴിക്കുന്നതില്‍ നിന്നും സെബി പിന്തിരിപ്പിക്കുന്ന കോടതി ഉത്തരവുകളൊന്നും നിലവിലില്ലെന്നും സഹാറ ഗ്രൂപ്പ് പറയുന്നു. അതേസമയം, ഇതിനോടകം 138 കോടി രൂപ സെബി തിരിച്ചുനല്‍കിയതായ കണക്കുകളും പുറത്തുവന്നു.