മുംബൈ: പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) ന് അപേക്ഷിക്കുന്ന രീതിയില്‍ സെക്കന്ററി വിപണി അപേക്ഷ രീതി സൃഷ്ടിക്കുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പ്രാഥമിക വിപണി നിലവില്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് (എഎസ്ബിഎ-അസ്ബ) ആണ് പിന്തുടരുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം ബ്ലോക്ക് ചെയ്യുകയും ഓഹരികള്‍ അനുവദിക്കപ്പെടുമ്പോള്‍ മാത്രം തുക ഡെബിറ്റാവുകയും ചെയ്യുന്ന സംവിധാനമാണിത്.
സമാന സൗകര്യം സെക്കന്ററി മാര്‍ക്കറ്റിലും ഉപയോഗപ്പെടുത്താനാണ് നീക്കം. അസ്ബയില്‍ സെക്കന്ററി വിപണി അപേക്ഷ സൃഷ്ടിക്കുകയാണെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു. അതുവഴി ബ്ലോക്ക് ചെയ്ത തുകയ്ക്ക് പലിശ നേടാന്‍ നിക്ഷേപകന് സാധിക്കും.
എന്നാല്‍ പുതിയ സംവിധാനത്തിന്റെ ചട്ടക്കൂടിനെക്കുറിച്ചോ എന്ന് നിലവില്‍ വരുമെന്നതിനെക്കുറിച്ചോ വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എങ്കിലും അസ്ബ വ്യാപാര പ്രക്രിയ സുഗമമാക്കുമെന്നന്ന് വിപണി വിദഗ്ധര്‍ പറയുന്നു. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്ത തുക ഉപയോഗിച്ച്, വ്യാപാര തീയതി+ 2 ദിവസ (ടി+2)ത്തിനുള്ളില്‍ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഏര്‍പ്പാടാണ് സെക്കന്ററി മാര്‍ക്കറ്റില്‍ നിലവിലുള്ളത്.