മുംബൈ: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി/sebi) പേടിഎം(Paytm) സിഇഒ വിജയ് ശേഖർ ശർമക്കും(Vijay Shekar Sharma) മറ്റ് ബോർഡ് അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇതുസംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് പേടിഎമിന്റെ ഓഹരി വില ഒമ്പത് ശതമാനം താഴ്ന്നു. ബിഎസ്ഇയിൽ 8.8 ശതമാനം ഇടിഞ്ഞ് 505.25 നിലവാരത്തിലെത്തി.
2021 നവംബറിൽ ഐപിഒ ഇഷ്യു ചെയ്തപ്പോൾ തെറ്റായ വസ്തുതകൾ നൽകിയെന്നാണ് പ്രധാന ആരോപണം.
പ്രൊമോട്ടർ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് മണികണ്ട്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു.
പേടിഎം പേയ്മെന്റ് ബാങ്കിനെക്കുറിച്ച് ആർബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ നോട്ടീസ്.
ജീവനക്കാരനേക്കാൾ മാനേജുമെന്റ് നിയന്ത്രണം ശർമക്ക് ഉണ്ടായിരുന്നതിനാൽ ഐപിഒ രേഖകൾ ഫയൽ ചെയ്യുമ്പോൾ സിഇഒയെ പ്രൊമോട്ടറായി തരംതിരിക്കേണ്ടതുണ്ടോ എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐപിഒക്ക് ശേഷം ജീവനക്കാർക്കുള്ള ഓഹരി വിഹിതം സ്വീകരിക്കുന്നതിൽ നിന്ന് പ്രൊമോട്ടർമാർക്ക് വിലക്കുള്ളതിനാൽ വിജയ് ശേഖർ ശർമക്ക് അത് നൽകാൻ പാടില്ലാത്തതാണ്.
ശർമയെ പ്രൊമോട്ടറായാണ് കരുതേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.