മുംബൈ: 100 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യാനൊരുങ്ങുന്ന മ്യൂച്വല്‍ ഫണ്ട് മേഖല എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (ആംഫി)യുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിക്ഷേപം നടത്താനും രാജ്യ വളര്‍ച്ചയില്‍ ഭാഗഭാക്കാകാനും മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ഗമായി തീര്‍ന്നിട്ടുണ്ടെന്ന് ബുച്ച് പറഞ്ഞു.
എന്നാല്‍ ഒരു സൂപ്പര്‍ സ്ട്രക്ച്വര്‍ കെട്ടിപടുക്കുന്നതിന് അടിത്തറ ശക്തമാക്കേണ്ടതുണ്ട്. ഇതില്‍ വ്യക്തിഗത പെരുമാറ്റം പ്രധാനമാണ്. ഇതിനായി ഒരു എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കണം.
”എംഎഫ് വ്യവസായത്തിന്റെ ഒരേയൊരു അപകടസാധ്യത വ്യക്തിഗത പെരുമാറ്റമാണ്. ഇത് ഉയര്‍ന്ന തലത്തിലെത്തുമ്പോള്‍, നിര്‍ഭാഗ്യവശാല്‍, റെഗുലേറ്ററിന് ചുറ്റികയുമായി വരുകയല്ലാതെ മറ്റ് മാര്‍ഗമില്ല,” സ്വയം നിയന്ത്രണത്തിന്റെ പ്രാധാന്യം വിശദീകരിച്ച ബുച്ച് പറഞ്ഞു.
മേഖലയെ ഉദാരവല്‍ക്കരിക്കാന്‍ സെബി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് തുടരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിയന്ത്രണത്തിന്റെ ഭൂരിഭാഗവും മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമായി ചെയ്യുന്നതാണ് നല്ലത്.
അതുവഴി നിയന്ത്രണങ്ങള്‍ കുറയ്ക്കാനാകും. സ്‌പോണ്‍സറില്ലാത്ത ഫണ്ട് ഹൗസുകളേയും പുതിയതരം സ്‌പോണ്‍സര്‍മാരേയും അനുവദിക്കാനുള്ള തീരുമാനം ഉദാരവത്ക്കരണത്തിലേക്കുള്ള ചുവടുവെപ്പാണ്. ഫ്രണ്ട് റണ്ണിംഗ്, ഇന്‍സൈഡര്‍ ട്രേഡിംഗ് തുടങ്ങിയ തട്ടിപ്പുകള്‍ തടയാന്‍ ആഭ്യന്തര സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ഒരാഴ്ച മുന്‍പ് സെബി പുറത്തിറക്കിയിരുന്നു.