മുംബൈ: എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് വ്യാപാരത്തിന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) അനുവദിച്ച് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് സെബി ബോര്‍ഡ്, ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍, ക്യാഷ് സെറ്റില്‍ഡ് നോണ്‍ അഗ്രികള്‍ച്ചറല്‍ കമ്മോഡിറ്റി ഡെറിവേറ്റീവ് കരാറുകളിലും കാര്‍ഷികേതര ചരക്കുകള്‍ ഉള്‍പ്പെടുന്ന സൂചികകളിലും പങ്കെടുക്കാനാണ് അനുമതിയുണ്ടാവുക. കാലാകാലങ്ങളില്‍ ബാധകമായ റിസ്‌ക് മാനേജ്‌മെന്റ് നടപടികള്‍ക്ക് വിധേയമായിരിക്കും എക്‌സ്‌ചേഞ്ച് ട്രേഡഡ് കറന്‍സി ഡെറിവേറ്റീവ്‌സിലെ(ഇടിസിഡി) വ്യാപാരം. വ്യക്തികള്‍, ഫാമിലി ഓഫീസുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവ ഒഴികെയുള്ള എഫ്പിഐകള്‍ക്ക് ക്ലയ്ന്റുകളായി ട്രേഡ് ചെയ്യാം.
വ്യക്തികള്‍, കുടുംബ ഓഫീസുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട എഫ്പിഐകള്‍ക്ക് ക്ലയന്റ് ലെവല്‍ പൊസിഷന്‍ പരിധി 20 ശതമാനം ആയിരിക്കും. അപകടസാധ്യത കൈകാര്യം ചെയ്യാനും ഇടിസിഡികളില്‍ ക്രമാനുഗതമായ വ്യാപാരം ഉറപ്പാക്കാനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടും ക്ലിയറിംഗ് കോര്‍പ്പറേഷനുകളോടും റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫിസിക്കല്‍ കമ്മോഡിറ്റികളില്‍ നിക്ഷേപമാവശ്യമുള്ള എലിജിബിള്‍ ഫോറിന്‍ എന്റിറ്റി (ഇഎഫ്ഇ) റൂട്ട് നിര്‍ത്തലാക്കി.
ഇവര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്മെന്റില്‍ പങ്കെടുക്കാന്‍ റെഗുലേറ്റര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എക്‌സ്‌ചേഞ്ച് ട്രേഡഡ് കറന്‍സി ഡെറിവേറ്റീവ്‌സ് (ഇടിസിഡി) വിപണിയില്‍ ട്രേഡ് ചെയ്യാനുള്ള അനുമതി കാറ്റഗറി III ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എഐഎഫ്), പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ പോലുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം അനുവദിച്ച് നല്‍കിയിട്ടുണ്ട്.