മുംബൈ: ചെറുകിട കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പന നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത് വര്‍ധിച്ചതോടെ ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ കര്‍ശന നിരീക്ഷണത്തിനൊരുങ്ങി സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ.
ഫണ്ടുകളുടെ ഉപയോഗം നിരീക്ഷിക്കുന്നതും മര്‍ച്ചന്‍റ് ബാങ്കര്‍മാര്‍ക്കായി കര്‍ശനമായ ജാഗ്രതാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള മേല്‍നോട്ടം സെബി പരിഗണിക്കുന്നതായാണ് സൂചന.
ഐപിഒയ്ക്ക് ശേഷം ഈ കമ്പനികള്‍ അവരുടെ ഫണ്ടുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ സൂക്ഷ്മ നിരീക്ഷണം നടത്തും.
ഐപിഒ നടത്തുന്ന കമ്പനിയുടെ ദീര്‍ഘ കാലത്തെ പ്രവര്‍ത്തന ഫലം പരിശോധിക്കുന്നതും സാമ്പത്തിക പ്രസ്താവനകളുടെ കൂടുതല്‍ സൂക്ഷ്മപരിശോധനയും സെബി ഉറപ്പാക്കും.
അതേ സമയം, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും ബിഎസ്ഇ ലിമിറ്റഡില്‍ നിന്നും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ലിസ്റ്റിംഗിന്‍റെ അംഗീകാരം നല്‍കാനുള്ള അവകാശം ഏറ്റെടുക്കാന്‍ സെബി തയ്യാറല്ലെന്നാണ് സൂചന.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) ലിസ്റ്റിംഗ് അംഗീകാര പ്രക്രിയയ്ക്ക് സെബി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് ചില നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡിന് ശേഷമാണ് ചെറുകിട കമ്പനികളുടെ ലിസ്റ്റിംഗ് കൂടിയത്.. രണ്ടാഴ്ച മുമ്പ്, രണ്ട് ഔട്ട്ലെറ്റുകളും എട്ട് ജീവനക്കാരും മാത്രമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പ് നടത്തിയ ഐപിഒക്ക് 400 മടങ്ങിലധികം അപേക്ഷയാണ് ലഭിച്ചത്.
എസ്എംഇ ഐപിഒകളുടെ ഗുണനിലവാരം പോലും ചോദ്യം ചെയ്യപ്പെടുകയാണ് ഇത്തരം പ്രവണതകളിലൂടെയെന്നാണ് ആരോപണം. ഓഗസ്റ്റില്‍, പ്ലൈവുഡ് നിര്‍മ്മാതാക്കളായ ആര്‍ച്ചിത് നവുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഐപിഒ നിര്‍ത്തിവയ്ക്കാന്‍ സെബി ബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു.
ജൂലൈയില്‍, എന്‍എസ്ഇ ലിസ്റ്റിംഗ് നേട്ടങ്ങള്‍ക്ക് 90% പരിധി നിശ്ചയിച്ചിരുന്നു. എസ്എംഇ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ വിഭാഗത്തിനായുള്ള കര്‍ശനമായ ലിസ്റ്റിംഗ് നിയമങ്ങള്‍ വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്ന് സെബി അറിയിച്ചിട്ടുണ്ട്.