
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിദേശ ഫണ്ടായ നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടും യെസ് ബാങ്കും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷണവിധേയമാക്കുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. നിക്ഷേപകരുടെ പണം ദുരുപയോഗം ചെയ്യപ്പട്ടിട്ടുണ്ടെന്ന് സെബി സംശയിക്കുന്നു. ഇടപാട് നടക്കുന്ന 2016-19 കാലയളവില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് കീഴിലായിരുന്നു മ്യൂച്വല്‍ ഫണ്ട്.
ആ കാലത്ത് റിലയന്‍സ് മ്യൂച്വല്‍ ഫണ്ടെന്നായിരുന്നു നിപ്പോണ്‍ ഇന്ത്യ മ്യച്വല്‍ ഫണ്ട് അറിയപ്പെട്ടിരുന്നത്. റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് യെസ് ബാങ്കിന്റെ പെര്‍പെച്വല്‍ ബോണ്ടുകളില്‍ നടത്തിയ നിക്ഷേപം അനില്‍ അംബാനി ഗ്രൂപ്പ് സെക്യൂരിറ്റികളില്‍ യെസ് ബാങ്ക് നടത്തിയ നിക്ഷേപത്തിന് പകരമാണെന്ന് സെബി സംശയിക്കുന്നു.
സെബി മാനദണ്ഡങ്ങള്‍ പ്രകാരം നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ട് പാരന്റിംഗ് കമ്പനിയ്ക്ക് അവകാശമില്ല.അഥവാ അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇരുകക്ഷികളുടേയും മേല്‍ വലിയ തോതില്‍ പിഴ ഈടാക്കാന്‍ സെബിയ്ക്ക് സാധിക്കും.
യെസ് ബാങ്കിനെ 2020 ല്‍ സെന്‍ട്രല്‍ ബാങ്ക് ഏറ്റെടുക്കുകയും പിന്നീട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വില്‍ക്കുകയും ചെയ്തു.