
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികള്‍ നേടിയ വായ്പകളും അവയുടെ സെക്യുരിറ്റികളും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിന്റെ ഭാഗമായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് റേറ്റിംഗും മറ്റ് വിശദാംശങ്ങളും സെബി ആവശ്യപ്പെട്ടു. റേറ്റിംഗുകളും ഭാവി അനുമാനങ്ങളും ഗ്രൂപ്പ് ജീവനക്കാരുമായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളുമാണ് തേടിയിരിക്കുന്നത്.
ഓഹരിവിലയിലെ കുത്തനെയുള്ള ഇടിവിന്റെ പശ്ചാത്തലത്തിലാണ് നടപടി. കമ്പനി ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടിട്ടും ഒരു ആഭ്യന്ത റേറ്റിംഗ് കമ്പനികളും റേറ്റിംഗോ കാഴ്ചപ്പാടോ മാറ്റാന്‍ തയ്യാറായിട്ടില്ല.എസ് ആന്റ് പി, മൂഡീസ് തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് ഏജന്‍സികള്‍ മാത്രമാണ് കാഴ്ചപ്പാട് ‘സ്ഥിര’ത്തില്‍ നിന്ന് ‘നെഗറ്റീവായി’ മാറ്റിയത്.
കടം വാങ്ങുന്ന കമ്പനികളുടെ റേറ്റിംഗും വീക്ഷണവും അവലോകനം ചെയ്യുന്നതിന് ഏജന്‍സികള്‍ സാധാരണ ഓഹരിവിലയിടിവ് പരിഗണിക്കാറുണ്ട്. റേറ്റിംഗ് കുറയ്ക്കാന്‍ കാരണമാകുന്ന ‘മെറ്റീരിയല്‍ ഇവന്റുകളില്‍’ പ്രധാനപ്പെട്ടതാണ് ഓഹരിവില തകര്‍ച്ച .അതേസമയം അദാനിഗ്രൂപ്പ് അതിന്റെ മൂലധന ചെലവുകള്‍ അവലോകനം ചെയ്യുമെന്ന് ആഭ്യന്തര ഏജന്‍സികള്‍ വിശ്വസിക്കുന്നു.
വാള്‍സ്ട്രീറ്റ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വില കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയും ആരോപിച്ചതോടെയാണ് അദാനി ഗ്രൂപ്പ്ഓഹരികളുടെ തകര്‍ച്ച ആരംഭിച്ചത്. 10 അദാനി കമ്പനി ഓഹരികള്‍ 21.7-77.47 ശതമാനത്തില്‍ ഇടിവ് നേരിട്ടു. ഇതില്‍ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയാണ് കനത്ത ആഘാതത്തിനിരയായത്.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയും കൂപ്പുകുത്തിയവയില്‍ പെടുന്നു.