
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) ക്കായുള്ള രേഖകളുടെ രഹസ്യ പ്രിഫയിലിംഗ് അനുവദിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി (പിഎസ്‌യു) ഓപ്പണ്‍ ഓഫര്‍ മാനദണ്ഡങ്ങളില്‍ ഇളവ്, സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഐപിഒ ഇഷ്യുവിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുക എന്നിവയും പരിഗണനയിലുണ്ട്. മ്യൂച്വല്‍ ഫണ്ടുകളെ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും സെപ്തംബര്‍ 30 ന് ചേരുന്ന സെബി ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ടണ്‍ എക്‌സിക്യൂട്ടീവുകള്‍ ഇന്‍സൈഡര്‍ ട്രേഡിങ്ങില്‍ കുറ്റാരോപിതരായതിനെ തുടര്‍ന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കെതിരായ നീക്കം.
പ്രീഫയലിംഗ്
സെബിയിലും എക്‌സ്‌ചേഞ്ചുകളിലും ഓഫര്‍ രേഖകള്‍ മുന്‍കൂട്ടി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കമ്പനികള്‍ പരസ്യമായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യേണ്ടത്. മുന്‍കൂര്‍ രഹസ്യ ഫയലിംഗ് നടത്താം. പിന്നീട്, ഓഫറുമായി മുന്നോട്ട് പോകാന്‍ കമ്പനി തീരുമാനിക്കുകയാണെങ്കില്‍ മാത്രമേ സെബിയുടെ നിരീക്ഷണങ്ങള്‍ക്കനുസൃതമായി പുതിയ സാമ്പത്തിക വിവരങ്ങള്‍ ഉപയോഗിച്ച് ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളൂ.
നിലവില്‍, ഐപിഒ കമ്പനികള്‍ വിശദമായ വെളിപ്പെടുത്തലുകളോടെ സെബിയില്‍ ഒരു ഡ്രാഫ്റ്റ് ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്യണം. ഡ്രാഫ്റ്റ് ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്തതിന് ശേഷം അംഗീകാര പ്രക്രിയയ്ക്ക് 30-70 ദിവസമെടുക്കും. അതിനിടയില്‍ കമ്പനി ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കാം.
എന്നാല്‍ വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ വരുന്നതിനാല്‍ അത് എതിരാളികള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും. റെഗുലേറ്ററിന്റെ അവലോകനത്തിനായി ഓഫര്‍ ഡോക്യുമെന്റുകള്‍ മുന്‍കൂട്ടി ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന രാഷ്ട്രങ്ങളില്‍ യുഎസും യുകെയും കാനഡയും ഉള്‍പ്പെടുന്നു.
വിലനിര്‍ണ്ണയം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാനും സെബി ഉദ്ദേശിക്കുന്നു. ഓപ്പണ്‍ ഓഫര്‍ വില കണക്കാക്കുന്നതിനും പൊതുമേഖലാ സ്ഥാപനത്തിന് ഓഹരി പങ്കാളിത്തമുള്ള മറ്റേതെങ്കിലും കമ്പനിയെ പരോക്ഷമായി ഏറ്റെടുക്കുന്നതിനും 60 ദിവസത്തെ, ശരാശരി മാര്‍ക്കറ്റ് വില കണക്കിലെടുക്കേണ്ട എന്നാണ് പുതിയ നിര്‍ദ്ദേശം. ക്യാബിനറ്റ് അംഗീകാരം ലഭിക്കുമ്പോള്‍ തന്നെ ഓഹരി വിറ്റഴിക്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാകുമെന്നും ഇത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വിപണി വിലയെ ബാധിക്കുമെന്നും റെഗുലേറ്റര്‍ പറയുന്നു.
സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്യൂ വില
പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനായി പുതുതലമുറ കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടിവരും. ഐപിഒ വില നിര്‍ണ്ണയം എങ്ങിനെ? , ഐപിഒയ്ക്ക് മുമ്പുള്ള ഓഹരി വില, പ്രധാന പ്രകടന സൂചകങ്ങള്‍ (കെപിഐ) എന്നിവയാണ് പുതുതലമുറ സ്ഥാപനങ്ങള്‍ നല്‍കേണ്ട അധിക വിവരങ്ങള്‍. ഉയര്‍ന്ന വിലയില്‍ ഐപിഒ നടത്തിയ പേടിഎം, സൊമോട്ടോ പോലുള്ള ന്യൂജനറേഷന്‍ കമ്പനികള്‍ പിന്നീട് വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടി. ഐപിഒ വില നിശ്ചയിക്കുന്നതില്‍ ഇടപെടില്ലെന്നും എന്നാല്‍ വിശദീകരണം തേടുമെന്നും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മ്യൂച്വല്‍ഫണ്ട്
മ്യൂച്വല്‍ ഫണ്ട് (എംഎഫ്) ഇടപാടുകള്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്. പ്രൊഹിബിഷന്‍ ഓഫ് ഇന്‍സൈഡര്‍ ട്രേഡിംഗ് (പിഐടി) റെഗുലേഷന്‍സിന് കീഴിലെ ‘സെക്യൂരിറ്റികള്‍’ എന്നതിന്റെ നിര്‍വചനത്തില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ ഉള്‍പ്പെടുത്താനാണ് നീക്കം.