ന്യൂഡല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഓഹരി തിരിച്ചുവാങ്ങല്‍ നടത്തുന്ന കമ്പനികള്‍ക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് പ്രകാരം, പത്ത് ദിവസങ്ങളിലെ പ്രതിദിന ശരാശരി ട്രേഡിംഗ് അളവിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചുവാങ്ങാന്‍ കമ്പനികള്‍ക്ക് അധികാരമില്ല. പ്രീ-മാര്‍ക്കറ്റ് ഓപ്പണ്‍ സമയത്ത് ലേലം പാടില്ലെന്നും നിഷ്‌ക്കര്‍ഷയുണ്ട്.
പര്‍ച്ചേസ് ഓര്‍ഡര്‍ വില ട്രേഡഡ് വിലയില്‍ നിന്ന് ±1% പരിധിയിലായിരിക്കണം. എസ്‌ക്രോ അക്കൗണ്ടില്‍ പണം/ അല്ലെങ്കില്‍ പണമൊഴികെയുള്ളവയും അടങ്ങിയിരിക്കുമെന്ന് പറഞ്ഞ സെബി, പണമൊഴികെയുള്ള രൂപത്തിലുള്ള അക്കൗണ്ടിന്റെ ഭാഗം ഉചിതമായ വെട്ടിക്കുറവിന് വിധേയമാകുമെന്നും അറിയിച്ചു. ബൈ ബാക്കിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ എസ്‌ക്രോ അക്കൗണ്ടില്‍ മതിയായ തുക ഉറപ്പാക്കാന്‍ സെബി മര്‍ച്ചന്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓഹരി തിരിച്ചുവാങ്ങല്‍ സംബന്ധിച്ച് മാറ്റങ്ങള്‍ ഫെബ്രുവരിയിലും മാര്‍ക്കറ്റ് റെഗുലേറ്റര്‍ നടപ്പാക്കിയിരുന്നു. ഇത് പ്രകാരം,കമ്പനികള്‍ പരമാവധി വാങ്ങല്‍വിലയും കമ്പനിയുടെ ഓഹരികളുടെയോ മറ്റ് നിര്‍ദ്ദിഷ്ട സെക്യൂരിറ്റികളുടെയോ പുസ്തക മൂല്യവും വെളിപ്പെടുത്തണം. ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച ലേലങ്ങളിലൂടെ കണ്ടെത്തിയ വിലയെ ആശ്രയിച്ചിരിക്കും ബൈ-ബാക്ക് വില.
ഇത് നേരത്തെ നിശ്ചയിച്ച പരിധിയില്‍ ഒതുങ്ങുന്ന തുകയായിരിക്കും. ബോണസ് ഓഹരി ഇഷ്യുചെയ്യുന്നതും നിബന്ധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.