
മുംബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് അഥവാ ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാനൊരുങ്ങുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിച്ചു. സാമ്പത്തിക സ്വാധീനം ചെലുത്തുന്നവര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശളുടെ പണിപ്പുരയിലാണ് തങ്ങളെന്ന് സെബി മുഴുവന്‍ സമയ അംഗം എസ് കെ മൊഹന്തി പറയുന്നു.
‘കോര്‍പ്പറേറ്റ് ഫ്രോഡ്‌സ്: ഗവേണന്‍സ്’ എന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത സാമ്പത്തിക ഉപദേഷ്ടാക്കളുടെ എണ്ണം ഈയിടെ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് സെബി മനസ്സിലാക്കുന്നു. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ സജീവമാണ്.
അനാവശ്യ സ്‌റ്റോക്ക് ടിപ്പുകളുടെ ഭീഷണി പരിഹരിക്കാന്‍ ‘സെഗ്മെന്റഡ്’ നിലപാട് സ്വീകരിക്കുമെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി പങ്കാളികളുമായി ചര്‍ച്ചയിലാണ്. പരിഹാരം എളുപ്പമുള്ളതല്ലെന്നും അവര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി ഓഹരി തിരിമറി നടത്തിയെന്നാരോപിച്ച് മാര്‍ച്ച് 10 ന് മാര്‍ച്ച് 10 ന്,അഹമ്മദാബാദ്, ഭാവ്‌നഗര്‍, മധ്യപ്രദേശിലെ നീമുച്ച്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സെബി റെയ്ഡ് സംഘടിപ്പിച്ചു.