
മുംബൈ: സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് സൈബര്‍ സുരക്ഷ ചട്ടക്കൂട് ഒരുക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സൈബര്‍ തട്ടിപ്പ്, ഡാറ്റ ചോര്‍ച്ച, ട്രേഡിംഗ് അക്കൗണ്ടുകളുടെ ഹാക്കിംഗ് എന്നിവ തടയുകയാണ് ലക്ഷ്യം. സ്‌റ്റോക്ക് ബ്രോക്കര്‍മാരെയും അവരുടെ ക്ലയന്റുകളെയും പരിരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടക്കൂടില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും സൈബര്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള നടപടികള്‍, ഉപകരണങ്ങള്‍, പ്രക്രിയകള്‍ എന്നിവ ഉള്‍പ്പെടും.
അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്‌സ്‌ചേഞ്ച്‌സ് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (എഎന്‍എംഐ) പ്രസിഡന്റ് കമലേഷ് ഷാ അറിയിച്ചതാണ് ഇക്കാര്യം. റെഗുലേറ്റര്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, സ്‌റ്റോക്ക് ബ്രോക്കര്‍മാരുടെ ഗ്രൂപ്പായ എഎന്‍എംഐ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ എന്നിവ സെബി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് വിപണിയിലെ ദ്രുതഗതിയിലുള്ള സാങ്കേതിക വികസനങ്ങള്‍ ഡാറ്റയുടെ സമഗ്രത പരിരക്ഷിക്കുന്നതിനും സ്വകാര്യത ലംഘനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനും സ്‌റ്റോക്ക് ബ്രോക്കര്‍മാരെ സഹായിക്കും.
ശക്തമായ സൈബര്‍ സുരക്ഷയും സൈബര്‍ റെസിലിയന്‍സ് ഫ്രെയിംവര്‍ക്കും സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സെബി ചൂണ്ടിക്കാട്ടുന്നു.’സ്‌റ്റോക്ക് ബ്രോക്കര്‍മാരുടെ പക്കല്‍ നിര്‍ണായക ഡാറ്റ ധാരാളം ഉണ്ട്. അത്തരം ഡാറ്റകളെ സൈബര്‍ തട്ടിപ്പില്‍ നിന്നും ട്രേഡിംഗ് അക്കൗണ്ടുകളുടെ ഹാക്കിംഗില്‍ നിന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടിവരും, ഷാ പറഞ്ഞു.
ഏകദേശം ഒരു വര്‍ഷമാണ് ചട്ടക്കൂട് രൂപപ്പെടുത്താന്‍ വേണ്ടിവരിക. അതിനുശേഷം ഘട്ടം ഘട്ടമായി ബ്രോക്കര്‍മാരെ ഓണ്‍ ലോഡ് ചെയ്യും. അറ്റമൂല്യം, ശരാശരി ദൈനംദിന അളവുകള്‍ എന്നിവ പോലുള്ള മാനദണ്ഡങ്ങളെ ആശ്രയിച്ച് ബ്രോക്കര്‍മാരെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. ബി, സി കാറ്റഗറിയില്‍ പെട്ടവരായിരിക്കും ചട്ടക്കൂടിന്റെ ഗുണഭേക്താക്കള്‍.
എ കാറ്റഗറിയില്‍ വലിയ ബ്രോക്കര്‍മാരാണ് ഉള്‍പ്പെടുന്നത്. വളരെയധികം ഡാറ്റ കൈകാര്യം ചെയ്യുന്നതിനാല്‍ എകാറ്റഗറിയില്‍ പെട്ടവര്‍ സൈബര്‍ സുരക്ഷ സ്വന്തമായി പ്രാപ്തമാക്കുന്നു. നേരത്തെയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.