മുംബൈ: രണ്ട് സഹാറ കമ്പനികളിലെ ബോണ്ട് നിക്ഷേപകര്‍ക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തിരിച്ചുനല്‍കിയത് 138 കോടി രൂപ. 2022 മാര്‍ച്ച് 31 വരെ 19,650 അപേക്ഷകള്‍ ലഭിച്ചതായി റെഗുലേറ്റര്‍ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൊത്തം 823.1 കോടി രൂപയുടെ റീഫണ്ട് ക്ലെയിമുകള്‍ ഉള്‍പ്പെടുന്നു.
ഇതില്‍ 17,526 കേസുകളിലായി പലിശയടക്കം 138 കോടി രൂപ റീഫണ്ട് ചെയ്തു. സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എഐആര്‍ഇഎല്‍) സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും(എസ്എച്ച്‌ഐസിഎല്‍) നല്‍കിയ രേഖകളിലോ ഡാറ്റയിലോ പേരില്ലാത്തതിനാല്‍ മറ്റ് അപേക്ഷകള്‍ ക്ലോസ് ചെയ്തു. 2021 മാര്‍ച്ച് 31 വരെ റീഫണ്ട് ചെയ്ത ആകെ തുക 129 കോടി രൂപയായിരുന്നു(19,616 അപേക്ഷകളുമായി ബന്ധപ്പെട്ട്).
സഹാറ ഗ്രൂപ്പ് ബോണ്ട് വഴി തുക സമാഹരിച്ചത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന സെബിയുടെ കണ്ടെത്തലാണ് കേസിന് ആധാരം. തുടര്‍ന്ന് ഇടപാട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് റെഗുലേറ്റര്‍ കോടതിയെ സമീപിച്ചു. 2012 ഓഗസ്റ്റില്‍ ഏകദേശം 3 കോടി നിക്ഷേപകര്‍ക്ക് പലിശ സഹിതം പണം തിരികെ നല്‍കാന്‍ സുപ്രീം കോടതി കമ്പനിയോടാവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഇതിനായി 24,000 കോടി രൂപ തങ്ങള്‍ സെബിയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് സഹാറ ഗ്രൂപ്പ് പിന്നീട് അറിയിക്കുകയായിരുന്നു.