Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിദേശത്തേക്ക് പണമയക്കുന്നതിന് ജൂലൈ 1 മുതൽ വലിയ നികുതി വർദ്ധനവ്

വിദേശത്തെ നിക്ഷേപങ്ങൾക്കും അടുത്ത ബന്ധുക്കൾക്ക് അയക്കുന്ന തുകക്കും ഇനി 20% നികുതി

വിദേശയാത്രകൾക്കും വിദേശപഠനത്തിനും ജൂലൈ 1 മുതൽ ചെലവേറും

വൈദ്യചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനുള്ള ബജറ്റ് നിർദ്ദേശം ജൂലൈ 1 മുതൽ നടപ്പിലാക്കും. നേരിട്ട് വിദേശത്ത് നിക്ഷേപിക്കുകയോ വിദേശ പര്യടനം ആസൂത്രണം ചെയ്യുകയോ ആണെങ്കിൽ നികുതിയിനത്തിൽ വലിയ വർദ്ധനവാകും ഇനിയുണ്ടാവുക. അടുത്ത ബന്ധുക്കൾക്കായി വിദേശത്തേക്ക് പണം അയക്കുന്നതിലും പുതിയ നയം വലിയ ചലനം ഉണ്ടാക്കും. വിദേശത്തേക്ക് പണമയക്കുന്നതിന്, മുൻപ് ഒരു വർഷത്തിൽ 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകക്ക് 5% TCS ബാധകമായിരുന്നിടത്ത്, ഇനിമുതൽ മുഴുവൻ തുകക്കും 20% നികുതി അടക്കേണ്ടി വരും. വിദേശപഠനത്തിനിടയിലെ ജീവിതച്ചെലവുകൾ പലപ്പോഴും ഗണ്യമായ തുകയായി മാറുന്നതുകൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥിയുടെ ജീവിതച്ചെലവുകൾക്കായി പണം അയക്കുന്ന മാതാപിതാക്കൾക്ക് ഇത് വലിയ ഭാരമായി മാറുമെന്നുറപ്പാണ്.

വിദേശ ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. നേരത്തെ, ഇത് മുഴുവൻ തുകയുടെ 5% മാത്രം ആയിരുന്നു. നിക്ഷേപം എന്ന നിലയിൽ വിദേശത്തേക്ക് പണം അയക്കുന്നവർക്കും ഇനിമുതൽ മൊത്തം തുകയുടെ 20% TCS നൽകണം. നേരത്തെ ഇത് 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് 5% മാത്രമായിരുന്നു. അന്താരാഷ്ട്ര സ്റ്റോക്കുകളും അന്താരാഷ്ട്ര ക്രിപ്റ്റോ എക്സ്ചേഞ്ചുകളും വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമുകളെയും ഇത് പ്രതികൂലമായി ബാധിക്കും. എന്നാൽ പുതിയ നികുതി നയം മ്യൂച്വൽ ഫണ്ടുകളെയോ വിദേശത്ത് നിക്ഷേപിക്കുന്ന ഇടിഎഫുകളെയോ ബാധിക്കില്ല.

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി ബാധ്യതയ്‌ക്കെതിരെ ഈ TCS തുക ക്രമീകരിക്കാൻ തുടർന്നും സാധിക്കും. തുക ആദായനികുതി റീഫണ്ടായി ക്ലെയിം ചെയ്യുകയോ അല്ലെങ്കിൽ ക്രെഡിറ്റ് നേടുകയോ ചെയ്യാം. ടിസിഎസ് തുക കിഴിവ് ചെയ്യുന്ന സമയത്ത് ബാങ്ക് നൽകുന്ന TCS സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ ഫയലിംഗിൽ ക്ലെയിം ചെയ്യാൻ ഉപയോഗിക്കാം. എന്നാൽ റീഫണ്ട് ലഭിക്കുന്നതുവരെ ഒരു വലിയ തുക ദീർഘകാലത്തേക്ക് ബ്ലോക്ക് ചെയ്യപ്പെടും എന്നതാണ് പുതിയ നികുതി നയം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്.

വിദേശപഠനത്തിന് ട്യൂഷൻ ഫീ ഇനത്തിൽ, വിദ്യാഭ്യാസ വായ്പ വഴിയോ അല്ലാതെ നേരിട്ടോ ഒരു സാമ്പത്തികവർഷം അയക്കുന്ന 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് നിലവിൽ 0.5% TCS ഈടാക്കുന്നുണ്ട്. പുതിയ നികുതി നയത്തിലും ഇക്കാര്യത്തിൽ മാറ്റമില്ല.

X
Top