ന്യൂഡൽഹി: ഒടുവില് ടെസ്ലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് യാഥാര്ഥ്യമാകുന്നു? കമ്പനിയിലെ മുതിര്ന്ന ഉദ്യോസ്ഥരുടെ സംഘം ഈയാഴ്ച സര്ക്കാര് പ്രതിനിധികളുമായി ചര്ച്ച നടത്തിയേക്കും. ചൈനയ്ക്ക് പുറത്ത് നിര്മാണ കേന്ദ്രമൊരുക്കുകയെന്ന ലക്ഷ്യമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ളതെന്നാണ് റിപ്പോര്ട്ടുകള്.
ടെക്സസിലുള്ള ടെസ്ലയുടെ വിതരണ, നിര്മാണ, വികസന വിഭാഗങ്ങളിലെ ഉന്നതരാണ് സര്ക്കാര് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവും ഇവര് മുന്നോട്ടുവെച്ചേക്കും.
ഇന്ത്യയിലെ ഉയര്ന്ന ഇറക്കുമതി തീരുവയെയും വൈദ്യുത വാഹന നയത്തെയും ഇലോണ് മസ്ക് നേരത്തെ വിമര്ശിച്ചിരുന്നു. അതേസമയം, ചൈനയില് നിര്മിച്ച കാറുകള് വില്ക്കുന്നതില് ഇന്ത്യയും എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു.
ഷാങ്ഹായ് ഫാക്ടറിയില് കൂട്ടിയോജിപ്പിച്ച വാഹനങ്ങള് രാജ്യത്ത് വില്ക്കരുതെന്നായിരുന്നു സര്ക്കാര് നിലപാട്.
ടെസ്ലയുടെ ഇന്ത്യാ പ്രവേശനം എളുപ്പമല്ലെന്ന് മനസിലാക്കി, പ്രധാന എതിരാളികളായ മെഴ്സിഡസ് ബെന്സ് ഇതിനകം പ്രദേശികമായി കൂട്ടിയോജിപ്പിച്ച കാറുകള് വില്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയും വളര്ച്ചാ സാധ്യതയുമുള്ള രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വര്ധിച്ചുവരുന്ന ഡിമാന്റിലാണ് വാഹന നിര്മാതാക്കളുടെ കണ്ണ്.
അതേസമയം, ടെസ്ലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് എളുപ്പമാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്. വാഹനങ്ങള് വില്ക്കുന്നതിനും സര്വീസ് നടത്തുന്നതിനും അനുവദിക്കാത്ത സ്ഥലത്ത് നിര്മാണ പ്ലാന്റ് സ്ഥാപിക്കാന് തയ്യാറല്ലെന്ന നിലപാടിലാണ് മസ്ക്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം തുടരുന്നതിനാല് മറ്റൊരു ഇടംതേടേണ്ട സാഹചര്യമാണ് ടെസ്ല ഉള്പ്പടെയുള്ള അമേരിക്കന് കമ്പനികള്ക്കുള്ളത്.
ചൈനയ്ക്ക് പുറത്ത് നിര്മാണ കേന്ദ്രം തുറക്കാന് ആപ്പിള് പോലും ഇന്ത്യയിലെത്തിയെന്നത് ശ്രദ്ധേയമാണ്. നിലവില് ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇന്ത്യയിലാണ്.
രാജ്യത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കാനുള്ള സര്ക്കാര് ശ്രമം ടെസ്ലയ്ക്കും ഗുണകരമാകുമെന്നാണ് റിപ്പോര്ട്ടുകള്.