മുംബൈ: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവിലെ വലിയ മുന്നേറ്റം കാഴ്ചവെച്ച് വിപണി. 80 ദിവസത്തിനുള്ളില് 5,000 പോയന്റ് പിന്നിട്ട് 75,000 എന്ന നാഴികക്കല്ല് മറികടന്നു. സെന്സെക്സിന്റെ ചരിത്രത്തിലെ വേഗമേറിയ നേട്ടക്കണക്കുകളിലൊന്നായി ഈ മുന്നേറ്റം.
1991ലെ 1,000 പോയന്റില്നിന്ന് 10,000 പോയന്റ് മറികടക്കാന് 27 വര്ഷമാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരിയിലായിരുന്നു അത്. വിദേശ നിക്ഷേപമോ, മ്യൂച്വല് ഫണ്ടുകളോ നിക്ഷേപം നടത്താത്ത കാലം.
വിദേശ നിക്ഷേപകരുടെയും മ്യൂച്വല് ഫണ്ടുകളുടെയും നിക്ഷേപം കുതിച്ചതോടെ 2007 നവംബറില് 20,000 പിന്നിടാന് സെന്സെക്സിനായി. പിന്നീട് കനത്ത വെല്ലുവിളികളും ചാഞ്ചാട്ടവും നേരിട്ടാണ് 20,000ത്തില്നിന്ന് 30,000ത്തിലെത്തിയത്. അതിന് പത്ത് വര്ഷം വേണ്ടിവന്നു.
40,000ത്തിലെത്താനാകട്ടെ രണ്ട് വര്ഷം മാത്രവും. കോവിഡ് മഹാമാരിക്കിടെ രണ്ടുവര്ഷത്തിനുള്ളില് 50,000വും കടന്നു. പിന്നീട് വെറും ഏഴുമാസംകൊണ്ട് 60,000 പിന്നിട്ടു. 2023 ഡിസംബറില് 70,000വും കടന്നു. ഇപ്പോഴിതാ വെറും 80 ദിവസംകൊണ്ട് അയ്യായിരം പോയന്റുകൂടി മുന്നേറി 75,038ലെത്തയിരിക്കുന്നു.
ഈ നേട്ടത്തിന് സഹായിച്ചത് വിദേശ നിക്ഷേപകരും മ്യൂച്വല് ഫണ്ടുകള് ഉള്പ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയില് നിക്ഷേപകരുമൊക്കെയാണ്. രാജ്യത്തെ നിക്ഷേപലോകം വിശാലമാകുന്നതിന് തെളിവായി ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഈയിടെ 15 കോടി കടക്കുകയും ചെയ്തു.
ബുധനാഴ്ച മാത്രം വിദേശ പോര്ഫോട് ളിയോ നിക്ഷേപകര് 2,778 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 163 കോടി മൂല്യമുള്ള നിക്ഷേപവും നടത്തി.
മുന്നേറ്റം തുടരുമോ?
സമീപ കാലയളവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ഭരണ സ്ഥിരത സംബന്ധിച്ച പ്രതീക്ഷകളുമാണ് മുന്നേറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. യുഎസില പണപ്പെരുപ്പ കണക്കുകള് വിപണിയെ അത്രതന്നെ സ്വാധീനിച്ചേക്കില്ലെന്നാണ് നിരീക്ഷണം.
കടപ്പത്ര ആദായം കൂടുന്നുണ്ടെങ്കിലും വിപണി അത് മാനിക്കുന്നേയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
വിപണി ബുള്ളിഷ് ആയതിനാല് മുന്നേറ്റം തുടരുമെന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം. അതേസമയം, ഇടക്കാലയളവില് നിക്ഷേപകര് ജാഗ്രത പുലര്ത്തേണ്ട സാഹചര്യവുമുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പായി സെന്സെക്സും നിഫ്റ്റിയും മൂന്ന് ശതമാനംവരെ നേട്ടമുണ്ടാക്കുമെന്നാണ് ഐസിഐസിഐ ഡയറക്ടിലെ ടെക്നിക്കല് റിസര്ച്ച് വിഭാഗം മേധാവി ധര്മേഷ് ഷായുടെ നിരീക്ഷണം.
ഇത് പക്ഷേ, നേര്രേഖയിലുളള മുന്നേറ്റമാകില്ല. ലാഭമെടുപ്പും ചെറിയതോതിലുള്ള തിരുത്തലും ഈ കാലയളവില് പ്രതീക്ഷിക്കാം.