മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ജൂലൈയില്‍ ഏകദേശം 8 ശതമാനം വീതം ഉയര്‍ന്നു. 11 മാസത്തെ ഉയര്‍ന്ന നേട്ടമാണിത്. ബാങ്കിംഗ്, വാഹനം, ഉപഭോക്തൃ മേഖലകളിലെ കുതിച്ചുചാട്ടമാണ് സൂചികകളുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായത്.
നിരക്ക് വര്‍ദ്ധനകളില്‍ ശമനമുണ്ടാകുമെന്ന പ്രതീക്ഷയും ചരക്ക് വിലകളിലെ കുറവും നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി.സെന്‍സെക്‌സും നിഫ്റ്റിയും ജൂലൈയില്‍ യഥാക്രമം 7.76 ശതമാനവും 7.91 ശതമാനവും മുന്നേറി. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
നാല് മാസത്തിനിടെ ആദ്യമായാണ് രണ്ട് സൂചികകളും മാസക്കണക്കില്‍ പോസിറ്റീവാകുന്നത്. നിഫ്റ്റി ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഈ മാസത്തില്‍ ഉയര്‍ന്നു. നിഫ്റ്റി ഐടി 1.52 ശതമാനവും നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 0.65 ശതമാനവുമാണ് തകര്‍ച്ച നേരിട്ടത്.
വിതരണ ക്ഷാമം, മാര്‍ജിനുകളിലെ ഇടിവ്, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്, ഉപകരാറുകളുടേയും യാത്രാ ചെലവുകളുടേയും വര്‍ദ്ധനവ്, ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, മാന്ദ്യഭീതി എന്നിവയാണ് ഐടി സൂചികയെ തളര്‍ത്തിയത്. റിഫൈനിംഗ് മാര്‍ജിന്‍ കുത്തനെ കുറയുകയും സര്‍ക്കാര്‍ അധിക തീരുവ ചുമത്തുകയും ചെയ്തതോടെ എണ്ണ, വാതക മേഖല പ്രതിസന്ധിയിലായി. നിഫ്റ്റി വാഹന സൂചിക ജൂലൈയില്‍ 7.3 ശതമാനം നേട്ടമുണ്ടാക്കി.
നിഫ്റ്റി ഉപഭോക്തൃ ഉപകരണ, ഉത്പന്ന സൂചികകള്‍ 13 ശതമാനം വീതവും നിഫ്റ്റി മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 11 ശതമാനം, 8 ശതമാനം എന്നിങ്ങനെയും ഉയര്‍ച്ച നേടി. നിഫ്റ്റി ബാങ്ക്, പൊതുമേഖലാ ബാങ്ക് സൂചികകള്‍ യഥാക്രമം 12 ശതമാനം 15 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
വിദേശനിക്ഷേപകര്‍ ഓഹരി വില്‍പ്പന കുറച്ചതിനും ജൂലൈ സാക്ഷ്യം വഹിച്ചു. 146 മില്യണ്‍ ഡോളറിന്റെ ഓഹരികളാണ് ഈ മാസം വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) വിറ്റഴിച്ചത്. ജൂണ്‍ മാസത്തില്‍ ഇത് 6.34 ബില്ല്യണ്‍ ഡോളറായിരുന്നു.
ഈ വര്‍ഷം ഇതുവരെ 28.70 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ എഫ്‌ഐഐകള്‍ വിറ്റഴിച്ചു.