മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം ആവര്ത്തിച്ച് സൂചികകള്. നിഫ്റ്റി വീണ്ടും 17,000ന് മുകളിലേയ്ക്ക് കുതിച്ചു. സെന്സെക്സ് 508 പോയന്റ് ഉയര്ന്ന് 57,366ലും നിഫ്റ്റി 154 പോയന്റ് നേട്ടത്തില് 17,084ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല് റിസര്വ് മാന്ദ്യ സാധ്യത തള്ളിയതാണ് ആഗോളതലത്തില് സൂചികകള് നേട്ടമാക്കിയത്. സെപ്റ്റംബറിനുശേഷം നിരക്ക് വര്ധന മന്ദഗതിയിലായേക്കാമെന്ന വിലയിരുത്തലുകളും വിപണികള്ക്ക് കരുത്തായി.
വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലില് കുറവുണ്ടായതും ഇടക്കിടെയുള്ള അവരുടെ തിരിച്ചുവരവും ആഭ്യന്തര വിപണിയില് ഉണര്വുണ്ടാക്കുകയുംചെയ്തു.
ബജാജ് ഫിന്സര്വ്, ടാറ്റ സ്റ്റീല്, ബജാജ് ഫിനാന്സ്, പവര്ഗ്രിഡ് കോര്പ്, എന്ടിപിസി, എല്ആന്ഡ്ടി, ടൈറ്റാന്, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ഇന്ഡസിന്ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്.
സെക്ടറല് സൂചികകളില് നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല് തുടങ്ങിയവയാണ് നേട്ടത്തില് മുന്നില്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.