ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം സെപ്തംബറില്‍ 103.55 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 46.5 ശതമാനം വര്‍ധനവാണിതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഓഗസ്റ്റില്‍ 101.16 ലക്ഷം പേര്‍ മാത്രമാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്.
ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ മൊത്തം 874.24 ലക്ഷം ആഭ്യന്തര യാത്രക്കാരെ വഹിച്ചു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 64.61 ശതമാനം വര്‍ധന. യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും കോവിഡിന് മുന്‍പുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്പനികള്‍ക്കായില്ല.
2019 സെപ്തംബറില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 115.33 ലക്ഷമായിരുന്നു. 59.72 ലക്ഷം പേര വഹിച്ച ഇന്‍ഡിഗോയാണ് പ്രകടനത്തില്‍ മുന്‍പില്‍. 9.6 ലക്ഷം പേരുമായി വിസ്റ്റാര പിന്തുടരുന്നു. എന്നാല്‍ ഓഗസ്റ്റുകമായി താരതമ്യം ചെയ്യുമ്പോള്‍ വിസ്റ്റാരയുടെ വിപണി വിഹിതം 9.7 ശതമാനം കുറഞ്ഞു.
വിപണി വിഹിതം 9.2 ശതമാനത്തില്‍ നിന്നും 8.5 ശതമാനമായെങ്കിലും 9.5 ലക്ഷം യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ മൂന്നാമതെത്തി. 8.15 ലക്ഷം യാത്രക്കാരുമായി ഗോഫസ്റ്റും 7.53 ലക്ഷം യാത്രക്കാരുമായി സ്‌പൈസ്‌ജെറ്റും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നു.
സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോ ഫസ്റ്റ്, എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യ എന്നിവയുടെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപ്പന്‍സി നിരക്ക് യഥാക്രമം 85.8 ശതമാനം, 81.3 ശതമാനം, 85.4 ശതമാനം, 83.2 ശതമാനം, 79.6 ശതമാനം, 77 ശതമാനം എന്നിങ്ങനെയാണ്. ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയര്‍ പാസഞ്ചര്‍ ലോഡിന്റെ കാര്യത്തില്‍ കുതിപ്പ് നടത്തി.
ഓഗസ്റ്റിലെ 52.9 ശതമാനത്തില്‍ നിന്നും 81.2 ശതമാനമായാണ് ഒക്യുപ്പന്‍സി നിരക്ക് വര്‍ധിച്ചത്. 0.9 ശതമാനം വിപണി വിഹിതവുമായി 93,000 യാത്രക്കാരെ ആകാശ വഹിച്ചു. സെപ്റ്റംബറില്‍ 517 യാത്രക്കാരുടെ പരാതികള്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓണ്‍ ടൈം സര്‍വീസ് നടത്തിയ കാര്യത്തില്‍ വിസ്റ്റാര ഒന്നാമതെത്തിയപ്പോള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും തൊട്ടുപിറകെയെത്തി.