ടാറ്റാ സൺസില്‍ എഫ്.ഇ ഡിൻഷോ ലിമിറ്റഡിന് ഉണ്ടായിരുന്ന 8.69 ശതമാനം ഓഹരികൾ ബോംബെ ഡൈയിംഗ് ഗ്രൂപ്പ് ചെയർമാൻ നുസ്‌ലി വാഡിയ ദുരുപയോഗം ചെയ്തതായി ബോംബെ ഹൈക്കോടതിയില്‍ പൊതുതാൽപ്പര്യ ഹർജി.
വാഡിയ ഇന്ത്യൻ ട്രസ്റ്റിൻ്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം ഷപൂർജി പല്ലോൻജി ഗ്രൂപ്പിന് 1970 കളിൽ ഓഹരികള്‍ കൈമാറിയെന്നാണ് ആരോപണം. ഇന്ത്യൻ ട്രസ്റ്റിന് എഫ്.ഇ ഡിൻഷോ ലിമിറ്റഡില്‍ ഓഹരികള്‍ ഉണ്ടായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓഹരി ഇടപാടിൻ്റെ യഥാർത്ഥ മൂല്യം കണക്കാക്കാൻ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ മൂല്യം 150 ബില്യൺ ഡോളറിലധികമാണ്.
ഇതനുസരിച്ച് ഇടപാടിന്റെ മൂല്യം ഏകദേശം 1.2 ലക്ഷം കോടിയായിരിക്കുമെന്ന് കണക്കാക്കുന്നു. എഡുൽജി ദിൻഷോ സ്ഥാപിച്ച ഡിൻഷോ ട്രസ്റ്റ് ന്യൂയോർക്ക് ആസ്ഥാനമായുള്ള രണ്ട് അമേരിക്കൻ സന്നദ്ധ സംഘടനകള്‍ക്ക് അതിൻ്റെ എല്ലാ സ്വത്തുക്കളും നല്‍കിയിരുന്നു.
കരാർ വഞ്ചനാപരമെന്ന് ആരോപണം
ഡിൻഷോ ട്രസ്റ്റിന് ഇന്ത്യയിലുണ്ടായിരുന്ന ആസ്തികളിൽ ടാറ്റ സൺസിനുളള 8.69 ശതമാനം ഓഹരിയും ഉള്‍പ്പെടുന്നു.
മുംബൈ മലാഡില്‍ 1,000 ഏക്കറിലധികം സ്ഥലവും ട്രസ്റ്റിന് ഉണ്ടായിരുന്നു. 2003 ഓഗസ്റ്റ് 1 ല്‍ ഏര്‍പ്പെട്ട ഒരു കരാറിനെത്തുടർന്ന് വാഡിയ ഈ സ്വത്തുക്കളുടെയെല്ലാം ഉടമസ്ഥാവകാശം അവകാശപ്പെടുകയായിരുന്നു.
അതേസമയം കരാർ വഞ്ചനാപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. അഭിനവ് ഭാരത് കോൺഗ്രസിൻ്റെ സ്ഥാപകനായ പങ്കജ് ഫഡ്‌നിസാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
പ്രമുഖ പാഴ്‌സി വ്യവസായിയായിരുന്ന എഫ്.ഇ ഡിൻഷോയുടെ മൂന്ന് മക്കളിൽ ഒരാളായ ബച്ചൂബായ് വോറോൻസോ ന്യൂയോർക്കിലെ ആശുപത്രിയിൽ മാരകമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ദിവസമാണ് കരാറില്‍ ഏര്‍പ്പെട്ടുവെന്നു പറയുന്ന ദിവസം. 2003 ഓഗസ്റ്റ് 12 ന് അവർ മരിക്കുകയും ചെയ്തു.
എസ്.എഫ്.ഐ.ഒ അന്വേഷിക്കണം
1920 കളിൽ 2 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ടാറ്റ സൺസിൽ 8.69 ശതമാനം ഓഹരികൾ എഫ്.ഇ ഡിൻഷോ ലിമിറ്റഡ് സ്വന്തമാക്കിയത്.
ഡിൻഷോ ട്രസ്റ്റിലെ എഫ്.ഇ ഡിൻഷോയുടെ ഓഹരി എങ്ങനെ, എന്ത് പരിഗണനയുടെ അടിസ്ഥാനത്തിലാണ് വാഡിയ മിസ്‌ത്രിക്ക് കൈമാറിയതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
എഫ്.ഇ ഡിൻഷോ ലിമിറ്റഡ് 2008 ല്‍ സൈറസ് ഇൻവെസ്റ്റ്‌മെൻ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൺസ്ട്രക്ഷൻ കോൺട്രാക്ടറായി ആരംഭിച്ച സൈറസ് ഇൻവെസ്റ്റ്‌മെൻ്റ് നിലവില്‍ ഷപൂർജി പല്ലോൻജി ഗ്രൂപ്പിൻ്റെ പ്രധാന നിക്ഷേപ വിഭാഗമാണ്.
ഡിൻഷോ ട്രസ്റ്റിൻ്റെ സ്വത്തുക്കൾ സ്വന്തമാക്കുന്നതിനായി വാഡിയ മൂന്ന് പ്രധാന രേഖകൾ വ്യാജമായി ഉണ്ടാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു.
വ്യാജരേഖ ചമച്ചതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ബോംബെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.