ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 14ാം മാസത്തിലും വികസിച്ചു. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള ദുര്‍ബലമായ പുരോഗതിയാണ് രംഗം കാഴ്ചവച്ചത്. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച സെപ്തംബറില്‍ 54.2 ആയി കുറയുകയായിരുന്നു.
ഓഗസ്റ്റിലിത് 57.2 ആയിരുന്നു. വളര്‍ച്ച ആക്കത്തില്‍ കുറവ് വന്നെങ്കിലും സേവന മേഖല താരതമ്യേന ശക്തമാണെന്ന് എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ പറഞ്ഞു. മുന്‍ മാസങ്ങളിലെ സമാനമായ പാറ്റേണ്‍ പ്രദര്‍ശിപ്പിച്ച് തുടര്‍ച്ചയായി പതിനാലാം മാസവും പിഎംഐ സൂചിക ഉയര്‍ന്നുവെന്നും എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള മന്ദഗതിയിലുള്ള വളര്‍ച്ചയാണിതെന്നും എസ് ആന്റ്പി ചൂണ്ടിക്കാട്ടുന്നു.സേവന സമ്പദ്‌വ്യവസ്ഥയുടെ നാല് മേഖലകള്‍ -ഫിനാന്‍സ്,ഇന്‍ഷൂറന്‍സ്,ഗതാഗതം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ – എന്നിവ മൃദുവായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മാനുഫാക്ച്വറിംഗ് പിഎംഐ ഓഗസ്റ്റിലെ 58.2 ല്‍ നിന്നും 55.1 ആയി വികാസം കുറച്ചപ്പോള്‍ ഉയര്‍ന്ന ബുക്കിംഗ്, ഇവന്റുകള്‍, ക്ലയ്ന്റുകളുടെ എണ്ണത്തിലെ ഉയര്‍ച്ച എന്നിവ കാരണം സേവനമേഖല മെച്ചപ്പെട്ടു. എന്നിരുന്നാലും ഉയരുന്ന വില സൂചിക, മത്സരം, കര്‍ശനമായ നയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഊര്‍ജ്ജം, ഭക്ഷണം, തൊഴില്‍, ചരക്ക് എന്നിവയുടെ വിലവര്‍ദ്ധനകാരണം പ്രവര്‍ത്തന ചെലവ് കൂടി.ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.
പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.