ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 15ാം മാസത്തിലും വികസിച്ചു. മാത്രമല്ല സെപ്തംബറിലെ ആറ് മാസത്തെ കുറഞ്ഞ തോതില്‍ നിന്നും തിരിച്ചുകയറാനും മേഖലയ്ക്കായി. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച ഒക്ടോബറില്‍ 55.1 ആയി ഉയരുകയായിരുന്നു.
സെപ്തംബറിലിത് ആറ് മാസത്തെ താഴ്ന്ന നിരക്കായ 54.3 ആയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ പിഎംഐ ഓഗസ്റ്റില്‍ 57.2 രേഖപ്പെടുത്തി. പുതിയ ബിസിനസുകളുടേയും ഔട്ട്പുട്ടുകളുടേയും വര്‍ധനവിന് അടിവരയിടുന്നതാണ് പുതിയ കണക്കുകള്‍.
പുതിയ ജോലികള്‍ ആവിര്‍ഭവിച്ചതോടെ സേവ ദാതാക്കള്‍ അധികം ജീവനക്കാരെ നിയമിച്ചുവെന്ന് എസ്ആന്റ് പി നിരീക്ഷിക്കുന്നു. ബിസിനസ് ലോകത്ത് ആത്മവിശ്വാസം പ്രകടമാണ്. ഉപഭോക്തൃ സേവനങ്ങളാണ് കൂടുതല്‍ വികസിച്ചതെന്നും എസ്ആന്റ്പി ചൂണ്ടിക്കാട്ടി.
ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളും മികച്ച പ്രകടനം നടത്തി. തൊഴില്‍ വളര്‍ച്ച മൂന്നുവര്‍ഷത്തെ രണ്ടാമത്തെ വേഗം കൈവരിച്ചത് എടുത്തുപറയേണ്ട കാര്യമാണ്.
“ശുഭാപ്തി വിശ്വാസം ഒക്ടോബറില്‍ തൊഴില്‍വസരങ്ങള്‍ കൂട്ടി. സേവനദാതാക്കള്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ബിസിനസ് കാഴ്ചപ്പാട് എട്ട് വര്‍ഷത്തിനിടെ മികച്ച രീതിയില്‍ മെച്ചപ്പെടുകയും ചെയ്തു,” എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സാമ്പത്തിക ഡയറക്ടര്‍ പൊളിയാന ഡിലീമ പറഞ്ഞു.
എന്നിരുന്നാലും, ഊര്‍ജ്ജം, ഭക്ഷണം, തൊഴില്‍, ചരക്ക് എന്നിവയുടെ വിലവര്‍ദ്ധനകാരണം പ്രവര്‍ത്തന ചെലവ് കൂടിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാനും സേവനദാതാക്കള്‍ തയ്യാറായി. ഇതോടെ സേവന ചാര്‍ജ്ജ് ചരിത്രപരമായി ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു.
ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.
പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.