
മുംബൈ: അടുത്ത നാല് മാസത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇവി ചാർജറുകൾ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് (ബിപിസിഎൽ) ഓർഡർ സ്വന്തമാക്കി സെർവോടെക് പവർ സിസ്റ്റംസ്. 46.2 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം.
800 യൂണിറ്റ് ഡിസി ഫാസ്റ്റ് ഇവി ചാർജറുകൾ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള പദ്ധതി ഡൽഹിയിൽ നിന്ന് ആരംഭിച്ചുകഴിഞ്ഞു, ഇത് 2023 മാർച്ച് 31-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതിയിലൂടെ കമ്പനി പ്രധാന ഇന്ത്യൻ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ ഇവി ചാർജിംഗ് ശേഷി സജ്ജീകരിക്കും.
ഈ ഓർഡർ പ്രകാരം ബിപിസിഎല്ലിന്റെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ ഡിസി ഫാസ്റ്റ് ചാർജറുകളുടെ ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, പരിപാലനം എന്നിവ സെർവോടെക് ഏറ്റെടുക്കും. ഇവി ഉപയോക്താക്കൾക്ക് ചാർജിംഗ് നെറ്റ്‌വർക്കിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുന്നതിന് ഇടപാടുകൾ, ലഭ്യത, നാവിഗേഷൻ എന്നിവയെ അഭിസംബോധന ചെയ്യുന്ന ഇ-മൊബിലിറ്റി ടച്ച് പോയിന്റുകളുടെ വിന്യാസം ഉറപ്പാക്കാൻ പദ്ധതി സഹായിക്കും.
സോളാർ, പവർ-ബാക്കപ്പ് സൊല്യൂഷൻസ് വിഭാഗത്തിലെ ഒരു പ്രമുഖ കമ്പനിയാണ് സെർവോടെക്. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ ഇവി ചാർജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.